റേഷൻ ജനറേഷൻ ; പൊതുവിതരണ സംവിധാനം ആശ്രയിക്കുന്നവർ വർധിച്ചു



കൊച്ചി കോവിഡ്‌ മഹാമാരിയുടെ കാലത്ത് സർക്കാരിന്റെ‌ പൊതുവിതരണ സംവിധാനത്തെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന. റേഷൻ കാർഡ്‌ ഉണ്ടായിട്ടും ഭക്ഷ്യസാധനങ്ങൾ വാങ്ങാനെത്താത്തവരും ഇക്കാലയളവിൽ റേഷൻ സാധനങ്ങൾ വാങ്ങി. ജില്ലയിലെ 8.56 ലക്ഷം കാർഡ്‌ ഉടമകളും റേഷൻ കടകളെ ആശ്രയിക്കുന്ന സ്ഥിതിയാണ്‌. ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചശേഷം സംസ്ഥാന സർക്കാർ അനുവദിച്ച സൗജന്യ കിറ്റും ഓണക്കാലത്ത്‌ നൽകിയ കിറ്റും ജില്ലയിലെ 98 ശതമാനം കാർഡ്‌ ഉടമകളും കൈപ്പറ്റി. ലോക്ക്‌ഡൗണിനുമുമ്പ്‌ ഫെബ്രുവരിയിൽ അരിയും ഗോതമ്പും ഉൾപ്പെടെ 7965.47 മെട്രിക്‌ ടൺ ഭക്ഷ്യസാധനങ്ങളാണ്‌ വിതരണം ചെയ്‌തത്‌. 89 ശതമാനം കാർഡ്‌ ഉടമകളാണ്‌ അന്ന്‌ സാധനങ്ങൾ കൈപ്പറ്റിയത്‌. ആഗസ്‌തിൽ അത്‌ 95 ശതമാനമായി വർധിച്ചു. 9288.87 മെട്രിക്‌ ടൺ സാധനങ്ങളാണ്‌ വിതരണം ചെയ്‌തത്‌. ഏപ്രിലിലാണ്‌ സാധനങ്ങളുടെ വിതരണത്തിൽ വൻകുതിച്ചുചാട്ടമുണ്ടായത്‌. 98 ശതമാനം. 14597.74 മെട്രിക്‌ ടൺ അരിയും ഗോതമ്പും അന്ന്‌ വിതരണം ചെയ്‌തു. മാർച്ചിൽ 93 ശതമാനമായിരുന്നു. കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ അനുവദിച്ച അധിക ഭക്ഷ്യധാന്യം കാർഡ്‌ ഉടമകൾ കൈപ്പറ്റിയതായി ജില്ലാ സപ്ലൈ ഓഫീസർ ജ്യോതികൃഷ്‌ണ പറഞ്ഞു. ഫെബ്രുവരിക്കുമുമ്പ്‌ 8.50 ലക്ഷം കാർഡ് ഉടമകളായിരുന്നു വിവിധ വിഭാഗങ്ങളിലുണ്ടായിരുന്നത്‌. 6,000 പേർ പുതുതായി കാർഡ്‌ വാങ്ങി. ലോക്ക്‌ഡൗൺ കാലത്ത്‌ തൊഴിൽ നഷ്‌ടപ്പെട്ടവരും വരുമാനം വെട്ടിക്കുറയ്‌ക്കപ്പെട്ടവരും റേഷൻ കടകളെ ആശ്രയിച്ചു. Read on deshabhimani.com

Related News