മധ്യപ്രദേശിൽ പ്രളയത്തിൽ 
മലയാളി സൈനികൻ മരിച്ചു



കൊച്ചി മധ്യപ്രദേശിൽ ജബൽപുരിൽനിന്ന് പച്മഡിയിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം മാമംഗലം ഭാഗ്യതാര നഗറിൽ പെരുമൂഴിക്കൽ വീട്ടിൽ ക്യാപ്റ്റൻ നിർമൽ ശിവരാജനാണ് (30) മരിച്ചത്. പ്രളയത്തിൽപ്പെട്ട ഇദ്ദേഹത്തിന്റെ മൃതദേഹം പച്മഡിയിൽനിന്ന്‌ 80 കിലോമീറ്റർ മാറി വ്യാഴാഴ്ച ഉച്ചയോടെ കണ്ടെത്തി. നിർമലിന്റെ കാർ പൂർണമായി തകർന്നനിലയിൽ വ്യാഴാഴ്ച രാവിലെ കണ്ടെത്തിയിരുന്നു. തുടർന്നുനടത്തിയ തിരച്ചിലിലാണ്‌ ഒരുകിലോമീറ്റർ മാറി മൃതദേഹം കണ്ടെത്തിയത്. ജബൽപുരിൽ സൈനിക ആശുപത്രിയിൽ നഴ്‌സായ ഭാര്യ ഗോപീചന്ദ്രയെക്കണ്ട്‌ 15ന്‌ രാത്രി  പച്മഡിയിലുള്ള ആർമി എഡ്യുക്കേഷൻ കോർ സെന്ററിലേക്ക്‌ പോകുമ്പോഴാണ് അപകടം. അന്നുരാത്രി എട്ടോടെ മാമംഗലത്തുള്ള അമ്മയെയും എട്ടരയോടെ ഭാര്യയെയും  ഫോണിൽ വിളിച്ചിരുന്നു. മഴ കാരണം റോഡിൽ കടുത്ത ഗതാഗതതടസ്സം ഉണ്ടെന്നും മറ്റുവഴി നോക്കുന്നുണ്ടെന്നും ഭാര്യയോട്‌ പറഞ്ഞു. രാത്രി ഒമ്പതോടെ ഫോൺ സ്വിച്ച് ഓഫായി. ദിവസവും രാവിലെ അമ്മയ്ക്ക്‌ ഫോണിൽ സന്ദേശം അയക്കുമായിരുന്നു. ചൊവ്വാഴ്ച രാവിലെ സന്ദേശം കാണാതായതോടെ സംശയമായി. തുടർന്ന്‌ മാതാപിതാക്കൾ സൈനിക ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അപകടം നടന്ന പ്രദേശത്തടക്കം പ്രളയ മുന്നറിയിപ്പ്‌ കണക്കിലെടുത്ത്‌ മൂന്നുദിവസം കലക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം നിർമൽ അറിഞ്ഞില്ലെന്നാണ് കരുതുന്നത്. റോഡിൽ വെള്ളമായിരുന്നതിനാൽ റോഡ്‌ കാണാനാകാതെ സമീപത്തെ പുഴയിലേക്ക്‌ കാർ മറിഞ്ഞതാകാമെന്നാണ്‌ കരുതുന്നത്‌. പുഴയിൽ 25 അടിയിലധികം വെള്ളമുണ്ടായിരുന്നതായാണ്‌ വിവരം. പച്മഡിയിലെത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വെള്ളി പകൽ രണ്ടോടെ കൊച്ചിയിലെത്തിക്കും. വീട്ടിൽ പൊതുദർശനത്തിനുശേഷം വൈകിട്ട്‌ പച്ചാളം ശ്മശാനത്തിൽ സംസ്കരിക്കും. കെഎസ്ഇബിയിലെ റിട്ട. സീനിയർ അക്കൗണ്ടന്റ് പെരുമൂഴിക്കൽ പി കെ ശിവരാജന്റെയും ഇന്ത്യൻ ഓവർസീസ്‌ ബാങ്ക്‌ റിട്ട. ഉദ്യോഗസ്ഥ സുബൈദയുടെയും മകനാണ്‌. ഭാര്യ ഗോപീചന്ദ്ര തിരുവനന്തപുരം സ്വദേശിയാണ്‌. വിവാഹം കഴിഞ്ഞിട്ട്‌ എട്ടുമാസമേ ആയിട്ടുള്ളൂ. സഹാേദരി ഐശ്വര്യ തിരുവനന്തപുരം കോളേജ്‌ ഓഫ്‌ ആർക്കിടെക്‌ച്ചറിൽ അസിസ്റ്റന്റ്‌ പ്രൊഫസറാണ്‌. (പേജ് 3 കാണുക) Read on deshabhimani.com

Related News