ജനം പറഞ്ഞത്‌ വികസനത്തെ എതിർക്കുന്നവർക്ക്‌ അത്ര സീറ്റ്‌ വേണ്ടെന്ന്‌: മുഖ്യമന്ത്രി

പികെഎസ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു


തിരുവനന്തപുരം സർക്കാർ സ്വീകരിച്ച നടപടികൾക്കനുസരിച്ച മാറ്റം നാട്ടിലും ജനങ്ങളിലും ഉണ്ടാകുന്നു എന്നാണ്‌ തദ്ദേശ ഉപതെരഞ്ഞെടുപ്പ്‌ ഫലം തെളിയിച്ചതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ വികസനത്തെയും എതിർക്കുന്നവരോട്‌, നിങ്ങളുടെ കൈയിൽ അത്ര സീറ്റ്‌ വേണ്ട എന്നാണ്‌ ജനങ്ങൾ പറഞ്ഞത്‌. എൽഡിഎഫിന്‌ നേരത്തെയുള്ള സീറ്റ്‌ പോര, കുറച്ചു സീറ്റുകൂടി ഇരിക്കട്ടെ എന്നും ജനം ചിന്തിച്ചു. പികെഎസ്‌ സംസ്ഥാന സമ്മേളനത്തിന്റെ  സമാപന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നാടിന്റെ വികസനം ഉറപ്പുവരുത്താനാണ്‌ സർക്കാർ ഏറ്റവും പ്രാധാന്യം നൽകുന്നത്‌. നാടിന്റെ വികസനമെന്നാൽ പാവപ്പെട്ടവരുടെ ക്ഷേമവും  ഉറപ്പുവരുത്തിയ വികസനമാണ്‌. സ്വകാര്യമേഖലയിൽ സംവരണം വേണമെന്നത്‌ കാലാനുസൃത ആവശ്യമാണ്‌. നിലനിൽക്കുന്ന സംവരണാവകാശത്തിൽ ഒരു കുറവും വരുത്താൻ പാടില്ല എന്നാണ്‌ സർക്കാർ നിലപാട്‌. അത്‌ ഉറപ്പുവരുത്താനുള്ള നടപടികളാണ്‌ സ്വീകരിക്കുന്നത്‌. കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുകയാണ്‌. സ്വകാര്യവൽക്കരിക്കുമ്പോൾ സംവരണത്തിൽ വലിയ ഇടിവാണുണ്ടാകുക.  പട്ടികജാതി, പട്ടികവർഗ മേഖലയിലെ പദ്ധതികൾ നല്ല വേഗത്തിലും നിർബന്ധമായും പൂർത്തിയാക്കാനുള്ള നടപടികളാണ്‌ സ്വീകരിക്കുന്നത്‌. ബോധപൂർവം പദ്ധതികൾ വൈകിപ്പിക്കാനുള്ള നടപടി ചിലർ സ്വീകരിക്കാറുണ്ട്‌. അനർഹർക്ക്‌ ആനുകൂല്യം തട്ടിയെടുക്കാനുള്ള  ദുഷ്‌പ്രവണതകളും നിലനിന്നിരുന്നു. അവ തിരുത്താൻ ശക്തമായ നിരീക്ഷണസംവിധാനം നിയോജക മണ്ഡലാടിസ്ഥാനത്തിലടക്കം ഏർപ്പെടുത്തും. രാജ്യത്തിന്റെ പല ഭാഗത്തും പട്ടിക വിഭാഗങ്ങൾക്കെതിരെ ക്രൂരമായ ആക്രമണങ്ങൾ നടക്കുന്നുണ്ട്‌. എന്നാൽ, കേരളത്തിൽ അത്‌ കാണാൻ കഴിയില്ല. തെറ്റായ കാര്യങ്ങളിലേക്ക്‌ നീങ്ങിയാൽ  ശക്തമായ ഇടപെടലുണ്ടാകും. ഏതു പാവപ്പെട്ട കുടുംബത്തിലെയും കുട്ടികൾക്ക്‌ ആഗ്രഹിക്കുന്നിടംവരെ പഠിച്ചുയരാനുള്ള സാഹചര്യം കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി  പറഞ്ഞു. പികെഎസ്‌ സംസ്ഥാന പ്രസിഡന്റ്‌ വണ്ടിത്തടം മധു അധ്യക്ഷനായി. തലസ്ഥാനത്തെ ത്രസിപ്പിച്ച്‌ 
സമാപനം തലസ്ഥാന നഗരത്തെ ചുവപ്പിച്ച ഉജ്വല പ്രകടനത്തോടെ പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമ്മേളനത്തിന്‌ സമാപനം. പ്രതികൂല കാലാവസ്ഥയിലും ആയിരങ്ങളാണ്‌ പൊതുസമ്മേളനം നടന്ന അയ്യൻകാളി നഗറിൽ (പുത്തരിക്കണ്ടം മൈതാനം) എത്തിയത്‌. കേന്ദ്രീകരിച്ച പ്രകടനം ഒഴിവാക്കി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ പ്രകടനം ആരംഭിച്ച്‌ പൊതുസമ്മേളന നഗറിലെത്തുകയായിരുന്നു. സ്‌ത്രീകളുടെ നിറസാന്നിധ്യം പ്രത്യേകതയായി. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. പികെഎസ്‌ സംസ്ഥാന പ്രസിഡന്റ്‌ വണ്ടിത്തടം മധു അധ്യക്ഷനായി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ സംസാരിച്ചു. പികെഎസ്‌ സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദ്‌ സ്വാഗതവും ജോയിന്റ്‌ സെക്രട്ടറി എം പി റസൽ നന്ദിയും പറഞ്ഞു. പി കെ കുമാരൻ നഗറിൽ നടന്ന (എ കെ ജി ഹാൾ) പ്രതിനിധി സമ്മേളനം ബുധനാഴ്‌ച സമാപിച്ചു. ചർച്ചയ്‌ക്ക്‌ സെക്രട്ടറി കെ സോമപ്രസാദ്‌ മറുപടി പറഞ്ഞു. 79 അംഗ സംസ്ഥാന കമ്മിറ്റിയെയും ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുത്തു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ, ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹിം എംപി, കർണാടകത്തിൽനിന്നുള്ള സൗഹാർദ പ്രതിനിധി ഗോപാലകൃഷ്‌ണ ഹരള ഹള്ളി എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്‌തു. Read on deshabhimani.com

Related News