പ്രശ്നമുണ്ടാക്കി സാന്നിധ്യമറിയിക്കാൻ 
ഛിദ്രശക്തികളുടെ ശ്രമം: മുഖ്യമന്ത്രി



തിരുവനന്തപുരം മനഃപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിച്ച്‌ സാന്നിധ്യമറിയിക്കാനാണ്‌ ചില ഛിദ്രശക്തികളുടെ ശ്രമമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ വർഗീയമായി ഭിന്നിപ്പിച്ച്‌ സർക്കാരിനെതിരെ ജനവികാരം തിരിച്ചുവിടുകയെന്ന ലക്ഷ്യത്തോടെയാണ്‌ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച്‌ ആസ്ഥാനമന്ദിരവും പുതുതായി ആരംഭിച്ച സാമ്പത്തിക കുറ്റകൃത്യ അന്വേഷണവിഭാഗവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സ്പെഷ്യൽ ബ്രാഞ്ചിന്റെ ഇടപെടലിൽ ഇത്തരം ശ്രമങ്ങൾ തടയാനായി. നാടിന്റെ സ്വൈര്യജീവിതത്തെ ബാധിക്കുന്ന ഒന്നും സംഭവിക്കരുത്‌. ഇതിനാവശ്യമായ പ്രവർത്തനമാണ്‌ സ്പെഷ്യൽ ബ്രാഞ്ചിൽനിന്ന്‌ പ്രതീക്ഷിക്കുന്നത്‌. സാക്ഷരതയിലും സാങ്കേതിക അവബോധത്തിലും മുന്നിലുള്ള മലയാളികളാണ്‌ ഓൺലൈനിൽ തട്ടിപ്പിന്‌ ഇരയാകുന്നതിലധികവും. ഇത്തരം അബദ്ധങ്ങളെക്കുറിച്ച്‌ വാർത്തകൾ പലതും വന്നിട്ടും ചതിക്കുഴിയിൽ വീഴുന്നത്‌ ഗൗരവമായി പരിശോധിക്കണം. ഉത്തരേന്ത്യൻ, വിദേശ സംഘങ്ങളാണ്‌ തട്ടിപ്പുകൾക്കു പിന്നിൽ. മൊബൈൽ ആപ്പിലൂടെ ഉടനടി വായ്‌പ വാഗ്‌ദാനം ചെയ്‌തുള്ള തട്ടിപ്പുകളും നടക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങൾക്ക്‌ അറുതിവരുത്താനാണ്‌ സാമ്പത്തിക കുറ്റകൃത്യ അന്വേഷണവിഭാഗം രൂപീകരിച്ചത്‌. ഇത്‌ ഫലപ്രദമാകുന്നതോടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കുറയും. പുതിയ സംവിധാനങ്ങളും സൗകര്യങ്ങളും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ പുളിങ്കുന്ന്‌ സ്റ്റേഷന്റെ പുതിയ കെട്ടിടം, തിരുവനന്തപുരം സിറ്റി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് സിറ്റി, കണ്ണൂർ സിറ്റി, വയനാട് എന്നിവിടങ്ങളിലെ ജില്ലാ ഫോറൻസിക് സയൻസ് ലബോറട്ടറികൾ, തുമ്പ, പൂന്തുറ, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തളിപ്പറമ്പ്, പയ്യന്നൂർ, ഇരിട്ടി, പേരാവൂർ, വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനുകളിലെ വനിതാ ശിശു സൗഹൃദഇടങ്ങൾ, നവീകരിച്ച കാസർകോട്‌ ജില്ലാ പൊലീസ് ഓഫീസ്, കേരള പൊലീസ് അക്കാദമിയിലെ പൊലീസ് റിസർച്ച് സെന്റർ, ഫിസിക്കൽ ട്രെയ്‌നിങ്‌ നഴ്സറി എന്നിവയുടെ ഉദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. പൊലീസ്‌ മേധാവി അനിൽ കാന്ത്‌, ക്രൈംബ്രാഞ്ച്‌ എഡിജിപി ഷേഖ്‌ ദർവേഷ്‌ സാഹിബ്‌, ഇന്റലിജന്റ്‌സ്‌ എഡിജിപി ടി കെ വിനോദ്‌കുമാർ, ഐജി ആർ ആനന്ദ്‌ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News