പട്ടിക വിഭാഗങ്ങൾക്ക്‌ ശാന്തിനിയമനം: പ്രത്യേക വിജ്ഞാപനമായി



സ്വന്തം ലേഖകൻ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പട്ടിക വിഭാഗങ്ങളിലുള്ളവരെ ശാന്തിക്കാരായി നിയമിക്കാൻ ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചു. പട്ടികജാതിക്കാരുടെ 14ഉം പട്ടികവർഗക്കാരുടെ നാലും ഒഴിവുകളാണുള്ളത്‌. നേരത്തെ ശാന്തിനിയമനം നടത്തിയെങ്കിലും പട്ടിക വിഭാഗങ്ങളിൽനിന്ന്‌ അപേക്ഷകരില്ലാത്തതിനാൽ 18 തസ്‌തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇതേത്തുടർന്നാണ്‌ ഈ വിഭാഗങ്ങൾക്കു മാത്രമായി പ്രത്യേക വിജ്ഞാപനം. 10620–-16460 രൂപയാണ്‌ ശമ്പള സ്‌കെയിൽ. അപേക്ഷകർ ഒമ്പതാം ക്ലാസ്‌ പൂർത്തിയാക്കിയവരും ശാന്തി ജോലിയിൽ പരിചയമുള്ളവരും സംസ്‌കൃത പരിജ്ഞാനമുള്ളവരുമാകണം. ജോലി പരിചയം തെളിയിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ അംഗീകരിച്ച തന്ത്രിയിൽനിന്നോ സ്ഥാപനത്തിൽനിന്നോ ലഭിച്ച സർട്ടിഫിക്കറ്റും ഹാജരാക്കണം. മറ്റ്‌ പിന്നോക്ക വിഭാഗക്കാരിൽനിന്നുള്ള രണ്ട്‌ ശാന്തി ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്‌.ഗുരുവായൂർ, കൊച്ചിൻ ദേവസ്വം ബോർഡുകളിലെ വിവിധ തസ്‌തികളിലേക്കും ഇതിനൊപ്പം വിജ്ഞാപനമായി. ഗുരുവായൂർ ദേവസ്വത്തിൽ ഫിസിഷ്യൻ, എൽഡി ക്ലർക്ക്‌, ഇലത്താളം പ്ലയർ, തകിൽ പ്ലയർ, താളം പ്ലയർ, ചെണ്ട അധ്യാപകൻ, കൊമ്പ്‌ അധ്യാപകൻ, കുറുംകുഴൽ അധ്യാപകൻ, തകിൽ അധ്യാപകൻ, ലൈവ്‌ സ്‌റ്റോക്‌ ഇൻസ്‌പെക്ടർ തസ്‌തികകളിലേക്കും കൊച്ചിൻ ദേവസ്വം ബോർഡിൽ സിസ്‌റ്റം മാനേജർ തസ്‌തികയിലേക്കുമാണ്‌ അപേക്ഷ ക്ഷണിച്ചത്‌. അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും www.kdrb.kerala.gov.in വെബ്‌സൈറ്റ്‌ സന്ദർശിക്കണം. ഏപ്രിൽ 18 വരെ അപേക്ഷിക്കാം. Read on deshabhimani.com

Related News