വൈറ്റില ജങ്‌ഷനിലെ ഗതാഗതക്രമീകരണം സ്ഥിരം സംവിധാനമാക്കും



കൊച്ചി വൈറ്റില ജങ്‌ഷനിൽ ഏർപ്പെടുത്തിയ ഗതാഗതക്രമീകരണം സ്ഥിരം സംവിധാനമാക്കാനൊരുങ്ങി ട്രാഫിക്‌ അധികൃതർ. ഒരാഴ്‌ചത്തേക്ക്‌ പരീക്ഷണാടിസ്ഥാനത്തിലാണ്‌ ക്രമീകരണം. അപകടസാധ്യതകൂടി പരിശോധിച്ചശേഷമാകും അന്തിമതീരുമാനം. പുതിയ പരിഷ്‌കാരത്തോടെ ജങ്‌ഷനിലെ തിരക്ക്‌ അഞ്ചിലൊന്നായി കുറയ്ക്കാൻ കഴിഞ്ഞെന്ന്‌ ട്രാഫിക്‌ ഈസ്‌റ്റ്‌ എസിപി കെ എ ഫ്രാൻസിസ്‌ ഷെൽബി പറഞ്ഞു. ചൊവ്വാഴ്‌ചയും കാര്യമായ ഗതാഗതക്കുരുക്ക്‌ ജങ്‌ഷനിൽ ഉണ്ടായില്ല. വാഹനങ്ങൾ സുഗമമായി കടന്നുപോയി. പാലാരിവട്ടം ഭാഗത്തുനിന്ന്‌ പൊന്നുരുന്നി ഭാഗത്തേക്കുള്ള ഓട്ടോറിക്ഷകൾക്കും ഇരുചക്രവാഹനങ്ങൾക്കും മാത്രമായി ചൊവ്വാഴ്‌ച പുതിയ ക്രമീകരണം ഏർപ്പെടുത്തി. ഇവർക്ക്‌ മേൽപ്പാലത്തിന്‌ വടക്കുവശത്ത്‌ യു ടേൺ അനുവദിച്ചു. പുതിയ ഗതാഗതക്രമീകരണം അനുസരിച്ചുള്ള നടപടികൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുമെന്ന്‌ എസിപി പറഞ്ഞു. തെറ്റായ വഴികളിലൂടെ എത്തുന്ന വാഹനങ്ങൾക്ക്‌ മുന്നറിയിപ്പോ ഇളവോ നൽകില്ല. പിഴ ചുമത്തുന്നതടക്കമുള്ള നടപടികൾ കർശനമായി നടപ്പാക്കും. Read on deshabhimani.com

Related News