വേലായുധന്റെ ആലയിൽ ഇന്നും കനലുണ്ട്‌



അങ്കമാലി ആലകൾ വിസ്‌മൃതമാകുന്ന കാലത്തും നായത്തോട് ചീരോത്തി വീട്ടിൽ സി ആർ വേലായുധൻ കൊല്ലപ്പണി ഉപേക്ഷിക്കാൻ തയ്യാറല്ല. പരമ്പരാഗതരീതിയിൽ തന്നെയാണ് ഇവിടെ അരിവാളും മറ്റും ഉണ്ടാക്കുന്നതും മൂർച്ച കൂട്ടുന്നതും. മരക്കരി കനലാക്കി, അതിൽ ആയുധം പഴുപ്പിച്ച് അടകല്ലിൽ പതം വരുത്തിയശേഷം അരംകൊണ്ട് രാകി മൂർച്ച വരുത്തുന്ന ശബ്‌ദം രാവിലെമുതൽ ആലയിൽനിന്ന്‌ ഉയരും. സമീപപ്രദേശങ്ങളിൽനിന്ന് ആല തേടി ഇപ്പോഴും ആളെത്തുന്നു.  ‘നട്ടെല്ലിന്റെ ക്ഷതം കാരണം അധികനേരം ഇരുന്ന് ജോലി ചെയ്യാൻ  കഴിയുന്നില്ല. 15 അംഗങ്ങളുണ്ടായിരുന്ന ഞങ്ങളുടെ കുടുംബത്തെ അച്ഛൻ പോറ്റിയത് കൊല്ലപ്പണികൊണ്ടായിരുന്നു. ആ തൊഴിൽ അന്യംനിന്ന് പോകരുതെന്ന ആഗ്രഹമുണ്ട്‌–-വേലായുധൻ പറയുന്നു.  ചാക്കിൽ റബർ പശവച്ച്, സൈക്കിൾ ട്യൂബ് കെട്ടിയൊക്കെയാണ് കനൽ  ഊതാൻ  ‘തുകല്' പണ്ട് ഉണ്ടാക്കിയിരുന്നത്. അതിന്റെ സ്ഥാനത്ത്‌, കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ‘ബ്ലോവർ’ എത്തിയതാണ്‌ ഏക മാറ്റം.  നെൽക്കൃഷി കുറഞ്ഞതോടെ, കലപ്പയുടെ സ്ക്രൂ മുറുക്കാനും ഞവരി കെട്ടാനും എത്തുന്നവർ തീരെയില്ല. ഉലക്കയുടെ ഇരുവശങ്ങൾ മുറുക്കാനും ആരും എത്തുന്നില്ല. കോടാലിയും വാക്കത്തിയും ഉണ്ടാക്കാനും മൂർച്ച കൂട്ടാനും വരുന്ന വീട്ടുകാരുടെ എണ്ണവും കുറഞ്ഞു. എങ്കിലും ഉലയൂതി പാരമ്പര്യത്തിന്റെ കനലുകൾ കെടാതെ നോക്കുകയാണ്‌ ഈ അറുപത്തിമൂന്നുകാരൻ. സഹായിക്കാൻ ഭാര്യ സുജാതയുമുണ്ട്. Read on deshabhimani.com

Related News