അഭയ കേസ്‌: ഫാ. തോമസ്‌ കോട്ടൂർ അപ്പീൽ നൽകി



കൊച്ചി സിസ്റ്റർ അഭയ വധക്കേസിൽ സിബിഐ കോടതി വിധിക്കെതിരെ ഒന്നാംപ്രതി ഫാ. തോമസ് കോട്ടൂർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണക്കോടതിയുടെ വിധി തെളിവുകളും സാക്ഷിമൊഴികളും വസ്തുതാപരമായി വിലയിരുത്തിയല്ലെന്നും കോടതിക്ക് തെറ്റുപറ്റിയെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. അഭയയുടെ മരണം കൊലപാതകമാണോ മുങ്ങിമരണമാണോ എന്ന് സംശയാതീതമായി തെളിയിക്കാൻ സിബിഐക്ക് കഴിഞ്ഞില്ലെന്നും കേസ് എഴുതിത്തള്ളണമെന്ന ആവശ്യം കോടതി നിരസിച്ചുവെന്നും ഹർജിയിൽ ആരോപിക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളുടെയും മെഡിക്കൽ റിപ്പോർട്ടുകളുടെയും ആധികാരികത പരിശോധിക്കാതെയാണ് കോടതി ശിക്ഷ വിധിച്ചത്. സംശയമുള്ള വേറെയാളുകളുടെ പേരുകളും ഉണ്ടായിരുന്നു. സാക്ഷിമൊഴികളും വിശ്വസനീയമല്ല. അഭയയുടേത് മുങ്ങിമരണമെന്നാണ്‌ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കോടാലികൊണ്ട് തലയ്‌ക്കടിച്ച് പരുക്കേൽപ്പിച്ചെന്ന സാധ്യത തള്ളിക്കളഞ്ഞതാണ്‌. വെള്ളത്തിൽ വീണുള്ള മുങ്ങിമരണമാണെന്നും ആത്മഹത്യയാണോ നരഹത്യയാണോ എന്ന് വ്യക്തമായി തെളിയിക്കാനാകുന്നില്ല എന്നുമാണ് മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട്‌ എന്നും ഫാ. കോട്ടൂർ ബോധിപ്പിച്ചു. അഭയയെ പ്രതികൾ കോടാലിക്ക് തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ച് കിണറ്റിൽ തള്ളിയെന്ന സിബിഐ റിപ്പോർട്ട്‌ കണക്കിലെടുത്താണ് പ്രതികളെ ശിക്ഷിച്ചത്. ഫാ. കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജീവപര്യന്തം തടവും പിഴയുമാണ് വിധിച്ചത്. മുതിർന്ന അഭിഭാഷകൻ ബി രാമൻപിള്ള മുഖേനയാണ് ഫാ. കോട്ടൂർ അപ്പീൽ സമർപ്പിച്ചത്. സിസ്റ്റർ സെഫി വെള്ളിയാഴ്ച അപ്പീൽ സമർപ്പിക്കും. Read on deshabhimani.com

Related News