ട്രാൻസ്ജെൻഡർമാർ ആത്മവിശ്വാസത്തോടെ മുന്നോട്ടുവരണം : സ്പീക്കര്‍



കൊച്ചി മുഖ്യധാരാസമൂഹത്തോടൊപ്പം സഞ്ചരിക്കാൻ ട്രാൻസ്‌ജെൻഡർമാർക്ക് കഴിയണമെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിന്റെ (കിലെ) നേതൃത്വത്തിൽ ട്രാൻസ്ജെൻഡർമാർക്കായി പുറത്തിറക്കിയ ആരോ​ഗ്യ–-ക്ഷേമ പുസ്തകം ‘ജാലകം' പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം. മുഖ്യധാരാസമൂഹത്തിന്റെ ഭാ​ഗമാണെന്ന ആത്മവിശ്വാസത്തോടെ ട്രാൻസ്ജെൻഡർമാർ മുന്നോട്ടുവരണം. സമൂഹത്തിലെ വിവിധ മേഖലകളിൽ ട്രാൻസ്ജെൻഡർമാർ മികവ് തെളിയിച്ചതാണ്. രാജ്യത്ത് ആദ്യമായി ട്രാൻസ്‌ജെൻഡർ നയം പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ട്രാൻസ്‌ജെൻഡർമാരെ ഉൾക്കൊള്ളാൻ തയ്യാറായ നാടാണ് നമ്മുടേത്. മുൻകാലങ്ങളിൽ അവഹേളനങ്ങൾ നേരിട്ടവർ ഇന്ന് അംഗീകരിക്കപ്പെടുകയാണ്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികളാണ് സഫലം, കരുതൽ, യജ്ഞം എന്നിവയെന്നും അവ പ്രയോജനപ്പെടുത്തണമെന്നും സ്പീക്കർ പറഞ്ഞു. കിലെ ചെയർമാൻ കെ എൻ ഗോപിനാഥ് അധ്യക്ഷനായി. വിവിധ മേഖലകളിൽ മികവ്‌ തെളിയിച്ച ട്രാൻസ്ജെൻഡർമാരായ വിജയരാജ മല്ലിക, ഡോ. വി എസ് പ്രിയ, ഹെയ്തി സാദിയ, പ്രവീൺനാഥ്, ശ്രുതി സിത്താര, ഹൃതിക്, ഇഷ റിയ എന്നിവരെ കൊച്ചി മേയർ എം അനിൽകുമാർ ആദരിച്ചു. കിലെ എക്സിക്യൂട്ടീവ് ഡയറക്ടർ സുനിൽ തോമസ്, സിനിമാതാരങ്ങളായ സജിത മഠത്തിൽ, ദിവ്യ ഗോപിനാഥ്,  സാഹിത്യകാരി വിജയരാജ മല്ലിക, സെലിബ്രിറ്റി മേക്കപ്പ്‌ ആർട്ടിസ്റ്റ് രഞ്ചു രഞ്ജിമാർ, കിലെ എക്‌സിക്യൂട്ടീവ് അംഗം ജി ബൈജു, സീനിയർ ഫെലോ ജെ എൻ കിരൺ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News