പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ പാർടി കൂടുതൽ കരുത്താർജിക്കേണ്ടതുണ്ട്‌ ; പോരാട്ടമാണ്‌ കടമ: യെച്ചൂരി



സ്വന്തം ലേഖകൻ ഭൂതകാലത്തിന്റെ ഇരുളിലേക്ക്‌ നയിക്കുന്ന ശക്തികളിൽനിന്ന്‌ ഭാവിയുടെ പ്രകാശത്തിലേക്ക്‌ ഇന്ത്യയെ നയിക്കാനുള്ള കടമയാണ് രൂപീകരണത്തിന്റെ നൂറാം വാർഷികത്തിൽ കമ്യൂണിസ്‌റ്റുപാർടി ഏറ്റെടുക്കേണ്ടതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ പാർടി കൂടുതൽ കരുത്താർജിക്കേണ്ടതുണ്ട്‌. അതിനായുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. അതുവഴിയാണ്‌ ശതാബ്ദി ആഘോഷം അർഥവത്താകുന്നതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്യൂണിസ്‌റ്റ്‌ പാർടി രൂപീകരണത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്‌ഘാടനം വീഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിക്കുകയായിരുന്നു യെച്ചൂരി.  യുദ്ധരംഗം വ്യക്തമാണ്‌. അതിൽ കമ്യൂണിസ്‌റ്റ്‌ പാർടി വഹിക്കേണ്ട പങ്കും വ്യക്തമാണ്‌. എതിരാളികൾ പ്രധാനമായും ലക്ഷ്യമിടുന്നത്‌ കമ്യൂണിസ്‌റ്റുകാരെ തന്നെയാകും. എങ്കിലും പുതിയ കാലം ഏൽപ്പിക്കുന്ന വെല്ലുവിളികൾ ഏറ്റെടുത്തേ മതിയാകൂ. ദേശീയ പ്രസ്ഥാനത്തിൽ സജീവമായിരുന്ന കമ്യൂണിസ്‌റ്റ്‌ പാർടി സ്വതന്ത്ര ഇന്ത്യയെക്കുറിച്ചുള്ള നിലപാട്‌ വ്യക്തമാക്കിയിരുന്നു. രാഷ്‌ട്രീയ സ്വാതന്ത്ര്യം എന്നത്‌ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക്‌ കൂടി നയിച്ചില്ലെങ്കിൽ അർഥവത്താകില്ലെന്ന്‌ തുടർച്ചയായി പറഞ്ഞു. ഇപ്പോൾ രാഷ്‌ട്രീയ സ്വാതന്ത്ര്യംകൂടി നിഷ്‌ഠുരമായി നിഷേധിക്കപ്പെടുകയാണ്‌. മതനിരപേക്ഷ ജനാധിപത്യം, സാമ്പത്തിക സ്വാശ്രയത്വം, ഫെഡറലിസം, സാമൂഹ്യനീതി എന്നിവ അട്ടിമറിക്കപ്പെടുകയാണ്‌. വേർതിരിച്ചുള്ള വിശകലനത്തിനപ്പുറം വിവിധ വിഷയങ്ങളിൽ കമ്യൂണിസ്‌റ്റ്‌ പാർടി നടത്തിയ ഇടപെടലുകളെയാണ്‌ ശതാബ്ദിവർഷത്തിൽ ചർച്ചചെയ്യേണ്ടത്‌. പാർടി ഏറ്റെടുത്ത പോരാട്ടങ്ങളും അത്‌ സൃഷ്ടിച്ച സാമൂഹ്യമാറ്റങ്ങളുമാണ്‌ പ്രധാനം. വിഭജനത്തെ തുടർന്ന്‌ ഇന്ത്യ മതനിരപേക്ഷ റിപ്പബ്ലിക്കായപ്പോൾ ഹിന്ദുത്വരാഷ്‌ട്രവാദം തീർന്നുവെന്ന്‌ തെറ്റിദ്ധരിക്കരുതെന്നും പാർടി മുന്നറിയിപ്പ്‌ നൽകിയിരുന്നു. അത്‌ ശരിയാണെന്ന്‌ ഇപ്പോൾ വ്യക്തമാവുകയാണ്‌. ആർഎസ്‌എസിന്റെ ഫാസിസ്‌റ്റ്‌ കാഴ്‌ചപ്പാടിന്‌ ഭരണഘടന അട്ടിമറിക്കൽ അനിവാര്യമാണ്‌. രാഷ്‌ട്രീയത്തിലും ഭരണസംവിധാനത്തിലും‌ മതത്തെ മാറ്റിനിർത്തണമെന്നും എന്നാൽ, ജനങ്ങളുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കണം എന്നുമാണ്‌ മതനിരപേക്ഷതയെ കമ്യൂണിസ്‌റ്റ്‌ പാർടി വ്യാഖ്യാനിച്ചത്‌. ഭൂരിപക്ഷ മതത്തിന്റെ പേരിൽ അധീശത്വമുന്നയിക്കുന്നതിന്റെ അപകടമാണ്‌ രാജ്യം ഇന്ന്‌ നേരിടുന്നത്‌. രാജ്യത്തെ കർഷകരിൽ ബഹുഭൂരിപക്ഷവും ദളിത്‌ വിഭാഗത്തിൽനിന്നുള്ളവരാണ്‌. അവരാണ്‌ രാജ്യത്ത്‌ ഏറ്റവും പീഡനം അനുഭവിക്കുന്നത്‌. ചൂഷണരഹിതമായ സമൂഹസൃഷ്ടിക്കായി പോരാട്ടം ശക്തിപ്പെടുത്തണം. രാജ്യത്തെ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ വളർച്ചയ്‌ക്കും ശാക്തീകരണത്തിനും കേരളം നൽകുന്ന സംഭാവന വളരെ വലുതാണെന്നും യെച്ചൂരി പറഞ്ഞു. Read on deshabhimani.com

Related News