കണ്ണൂരിൽ ലീഗ്‌ ജില്ലാ ഭാരവാഹിയോഗത്തിൽ കൈയേറ്റവും കസേരയേറും; യൂത്ത്‌ ലീഗ്‌ പ്രവർത്തകർ നേതാക്കളെ തടഞ്ഞുവച്ചു



കണ്ണൂർ> നേതൃത്വം ഒഴിയണമെന്ന്‌ ആവശ്യപ്പെട്ട്‌ മുസ്ലിംലീഗ്‌ ജില്ലാ ഭാരവാഹി യോഗത്തിലേക്ക്‌  യൂത്ത്‌ ലീഗ്‌ പ്രവർത്തകർ ഇരച്ചുകയറി. വിജിലൻസ്‌ കേസിൽപ്പെട്ട  ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി ഉൾപ്പെടെയുള്ളവരെ  പുറത്താക്കണമെന്ന മുദ്രാവാക്യവുമായെത്തിയ   അമ്പതോളം  യൂത്ത്‌ ലീഗ്‌ പ്രവർത്തകർ യോഗം അലങ്കോലപ്പെടുത്തി. കണ്ണൂർ കാൾ ടെക്‌സിലെ ലീഗ്‌ ജില്ലാകമ്മിറ്റി ഓഫീസായ ബാഫക്കി തങ്ങൾ സ്‌മാരക സൗധത്തിൽ നടന്ന യോഗമാണ്‌ യൂത്ത്‌ ലീഗ്‌ പ്രതിഷേധത്തിൽ മുങ്ങിയത്‌. ചന്ദ്രിക ക്യാമ്പയിനുമായി ബന്ധപ്പെട്ടാണ്‌ യോഗം വിളിച്ചത്‌. മണൽ വാരൽ ക്രമക്കേടിൽ വിജിലൻസ്‌ കേസെടുത്ത ലീഗ്‌ നേതാക്കളായ അബ്‌ദുൾ കരീം ചേലേരി,  തളിപ്പറമ്പ്‌ മുനിസിപ്പാലിറ്റി മുൻ ചെയർമാൻ മഹമ്മൂദ്‌  അള്ളാകുളം, ഹാൻവീവ്‌  ഡയറക്‌ട‌റായിരുന്ന ഇബ്രഹിംകുട്ടി തിരുവെട്ടൂർ, കൊളച്ചേരി പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ കൊടുപ്പൊയിൽ മുസ്‌തഫ   എന്നിവരെ പുറത്താക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ക്രമക്കേട്‌ നടന്ന കമ്പിൽ എൻആർഐ സൊസൈറ്റി ഡയറക്‌ടർമാരാണ്‌ ഇവർ. വിവാദമായി ചപ്പാരപ്പടവ്‌  എവർഗ്രീൻ ഇറച്ചി മാർക്കറ്റ്‌, സി എച്ച്‌ സെന്റർ എന്നിവയുടെ ഡയറക്‌ടർമാർ കൂടിയാണിവർ. ലീഗ്‌ തളിപ്പറമ്പ്‌ മുനിസിപ്പൽ കമ്മിറ്റി പിരിച്ച വിട്ട നടപടിയും പ്രതിഷേധത്തിനിടയാക്കി. അഡ്വ. എസ്‌ മുഹമ്മദ്‌,  ഇബ്രഹിംകുട്ടി തിരുവെട്ടൂർ  എന്നിവർക്ക്‌ നേരെ കൈയേറ്റവും കസേരയേറുമുണ്ടായി. യോഗ ഹാളിലേക്ക്‌ കടന്ന യൂത്ത്‌ ലീഗ്‌ പ്രവർത്തകർ  ഫാനും എസിയും ഓഫാക്കി. വാതിൽ അകത്ത്‌ നിന്ന്‌ കുറ്റിയിട്ടു.  സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ വി കെ അബ്‌ദുൾ ഖാദർ മൗലവി,  സെക്രട്ടറി അബ്‌ദുൾ റഹ്‌മാൻ കല്ലായി തുടങ്ങിയവരെ വളഞ്ഞുവെക്കുകയും ചെയ്‌തു.  രാവിലെ പത്തിന്‌ തുടങ്ങിയ സംഘർഷം ഒന്നര മണിക്കൂറോളം നീണ്ടു.  ചന്ദ്രിക ജനറൽ മാനേജറും മുൻ എംഎൽഎയുമായ അഡ്വ.  എം ഉമ്മർ   യോഗത്തിൽ പ്രവേശിക്കാനാവാതെ മടങ്ങിപ്പോയി.  തളിപ്പറമ്പ്‌ മുനിസിപ്പൽ കമ്മിറ്റി പുനഃസ്ഥാപിക്കുമെന്ന്‌ ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ പി കുഞ്ഞിമുഹമ്മദിൽ നിന്ന്‌ എഴുതി വാങ്ങിയ ശേഷമാണ്‌  പ്രതിഷേധക്കാർ പിരിഞ്ഞുപോയത്. നേതൃമാറ്റം സംബന്ധിച്ച്‌ സംസ്ഥാന നേതൃത്വത്തെ അറിയിക്കാമെന്ന ഉറപ്പും നൽകി. റാഷിദ്‌ വളപട്ടണം,  മണവാട്ടി റൗഫ്‌, മുനീർ കൊളച്ചേരി, കുട്ടി കപ്പാലം, അഷറഫ്‌ തളിപ്പറമ്പ്‌ തുടങ്ങിയവരുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവർ പ്രതിഷേധത്തിനെത്തി. യൂത്ത്‌ ലീഗ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌  പി കെ സുബൈറിനെ അനുകൂലിക്കുന്നവരാണ്‌ യോഗം അലങ്കോലമാക്കാനെത്തിയതെന്ന്‌ എതിർപക്ഷം ആരോപിക്കുന്നു.   Read on deshabhimani.com

Related News