കതിർവെട്ടമുണ്ട്‌ കരീമിന്റെ മനസ്സിലും മട്ടുപ്പാവിലും



പെരുമ്പാവൂർ മുടിക്കൽ ചിറയൻപാടം തച്ചരുകുടി വീട്ടിൽ ഐ ജി കരീമിന്റെ വീടിന്റെ മട്ടുപ്പാവ്‌ പാടംതന്നെയാണ്‌‌. ചെറുപ്പംമുതൽ കൃഷിചെയ്ത് ജീവിച്ചതിന്റെ ഓർമകൾ മായാതിരിക്കാൻ നാലുവർഷംമുമ്പ്‌ ‌തുടങ്ങിയതാണ്‌ വീടിനുമുകളിലെ കൃഷി. ടെറസിലെ 750 ചതുരശ്രയടി വാർക്കയ്‌ക്ക് ചോർച്ചയുണ്ടാകാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റുവിരിച്ച് മണ്ണിട്ടശേഷമാണ് നെൽവിത്ത് പാകുന്നത്. അസമിൽനിന്ന്‌ കൊണ്ടുവന്ന, മുഴുത്ത അരി ലഭിക്കുന്ന "ഔഷ് ഡാൻ’  വിത്താണ് പാകിയത്. അസംകാരായ തൊഴിലാളികൾ വഴിയാണ്‌ ഇത്‌ എത്തിക്കുന്നത്‌. അസം നെല്ലിന് വെള്ളം വേണ്ട. ഇടയ്‌ക്കിടെ നനച്ചുകൊടുത്താൽ മതി. മൂന്നുമാസംകൊണ്ട് വിളവെടുക്കാം. ടെറസിൻമുകളിലെ കൃഷികൊണ്ട് 10 കിലോ അരിവരെ ലഭിക്കും.  നെൽക്കതിരുകൾ പാകമാകുമ്പോൾ തത്തകളും മറ്റു പക്ഷികളും മട്ടുപ്പാവ്‌ വട്ടമിടും. അവരുടെ അക്രമത്തിൽനിന്ന്‌ രക്ഷനേടാനായി വല കെട്ടിയിട്ടുണ്ടെങ്കിലും പക്ഷികൾ വലയും കൊത്തിപ്പൊട്ടിക്കുമെന്ന്‌ കരീം പറയുന്നു. വീടിനുമുന്നിലുള്ള 20 ഏക്കർ ചിറയൻപാടത്ത് 15–-ാംവയസ്സിൽ കൃഷി ഇറക്കിയതാണ്‌ കരീം. പാടം മുഴുവൻ പാട്ടത്തിനെടുത്ത്‌ കൃഷി നടത്തിയ ചരിത്രവുമുണ്ട്‌. സ്ഥലം ഉടമകൾക്ക് മൂന്നിലൊന്ന് നെല്ലും വൈക്കോലും കൊടുത്തായിരുന്നു പാട്ടക്കൃഷി. എന്നാൽ, കൊയ്യാൻ ആളില്ലാതായി. വിളഞ്ഞ നെല്ലുകൾ വെള്ളത്തിൽ ചാഞ്ഞ്  നശിച്ചു. ലക്ഷങ്ങളുടെ നഷ്ടവും കടവുമായി. അന്ന് യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന അബ്ദുൾ ജബ്ബാറിനെ സമീപിച്ചപ്പോൾ കൈമലർത്തി. അപേക്ഷയും വലിച്ചുകീറി ഇറങ്ങിപ്പോന്നതാണ്. പിന്നീട് ചിറയൻ പാടത്തേക്ക് ഇറങ്ങിയിട്ടില്ല.  പാടം വൈകാതെ തരിശിന്റെ പിടിയിലായി. എന്നാൽ പുന്നെല്ലിന്റെ സുഗന്ധം മനസ്സിൽ മാഞ്ഞില്ല. അങ്ങനെ വീടിനുമുകളിലെ കൃഷിയിലേക്ക്‌ കടക്കുകയായിരുന്നു കരീം. സൈനബയാണ്‌ ഭാര്യ. മക്കൾ: അസീന, ആൻസി. Read on deshabhimani.com

Related News