നാടകങ്ങളിൽ പൂത്തുലഞ്ഞത്‌ മമ്മൂട്ടിയുമായുള്ള സൗഹൃദം

കെ ആർ വിശ്വംഭരന് അന്തിമോപചാരമർപ്പിക്കാൻ സഹപാഠിയും സുഹൃത്തുമായ നടൻ മമ്മൂട്ടിയും കുടുംബവും എത്തിയപ്പോൾ


കൊച്ചി മഹാരാജാസ്‌ കോളേജിന്‌ 100 വർഷം തികഞ്ഞപ്പോൾ 1975ൽ പൂർവവിദ്യാർഥികൾ ചേർന്ന്‌ ഒരു നാടകം അവതരിപ്പിച്ചു. ‘ആന്ദോളനം’ എന്ന നാടകത്തിലെ ജിമ്മിയും പ്രധാനകഥാപാത്രമായ മേജർ വില്യംസിന്റെ ഡ്രൈവർ രാഘവനും അന്ന്‌ ലഭിച്ചത്‌ നിലയ്‌ക്കാത്ത കൈയടി. രണ്ട്‌ ഉറ്റസുഹൃത്തുക്കളാണ്‌ ആ കഥാപാത്രങ്ങൾക്ക്‌ ജീവൻ നൽകിയത്‌. പിൽക്കാലത്ത്‌ ഇവർ ഇരുവരും വളരെ പ്രശസ്‌തരായെന്നത്‌ ചരിത്രത്തിന്റെ കൗതുകം. ജിമ്മിയായി വേഷമിട്ടത്‌ മമ്മൂട്ടിയും ഡ്രൈവറായത്‌ എറണാകുളം ജില്ലയുടെ ജനകീയനായ കലക്‌ടറെന്ന്‌ അറിയപ്പെട്ട കെ ആർ വിശ്വംഭരനുമായിരുന്നു. ഓച്ചന്തുരുത്ത്‌ സ്വദേശി പ്രസന്നൻ എഴുതി ആന്റണി പാലയ്‌ക്കൻ സംവിധാനം ചെയ്‌ത നാടകം ശ്രദ്ധിക്കപ്പെട്ടതോടെ ധാരാളം വേദികളിൽ അരങ്ങേറി. എറണാകുളം മഹാരാജാസിലെ കലാവേദികളിൽനിന്നാണ്‌ കെ ആർ വിശ്വംഭരന്റെയും മമ്മൂട്ടിയുടെയും സൗഹൃദത്തിന്റെ ആരംഭം. മമ്മൂട്ടി ബിഎ അറബിക് വിദ്യാർഥിയും വിശ്വംഭരൻ എംഎസ്‌സി ബോട്ടണി വിദ്യാർഥിയുമായിരുന്നു. ഈ സൗഹൃദം ലോ കോളേജിലും തുടർന്നു. മുതർന്ന മാധ്യമപ്രവർത്തകനും ഇരുവരുടെയും സുഹൃത്തുമായ രവി കുറ്റിക്കാട്‌ എഴുതിയ ‘എന്ത്‌ ചെയ്യണം’ എന്ന നാടകത്തിലും ഇരുവരും ഒരുമിച്ച്‌ അഭിനയിച്ചു. നിയമനിർമാണ, ഭരണനിർവഹണ സംവിധാനങ്ങൾ ചേർന്ന്‌ ഒരു സാധാരണക്കാരനെ ക്രൂശിക്കാൻ നീതിപീഠത്തോട്‌ ആവശ്യപ്പെടുന്നതാണ്‌ കഥ. അന്ന്‌ വിശ്വംഭരൻ അഭിഭാഷകനായപ്പോൾ മമ്മൂട്ടി ആർടി ഓഫീസറായി കസറി. സർവകലാശാല തലത്തിൽ കോളേജിൽ നടന്ന ഏകാംഗ നാടകമത്സരത്തിൽ ‘എന്ത്‌ ചെയ്യണം’ ഒന്നാംസ്ഥാനം നേടി. തുടർന്ന്‌ നാടകത്തിന്‌ ധാരാളം വേദികൾ ലഭിച്ചു. പിന്നീട്‌ മമ്മൂട്ടി ലോ കോളേജ്‌ ആർട്‌സ്‌ ക്ലബ്‌ സെക്രട്ടറിയായി. ക്ലബ്‌ ഉദ്‌ഘാടനദിവസം കെ ആർ വിശ്വംഭരനുമായി ചേർന്ന്‌ മറ്റൊരു ചരിത്രവും സൃഷ്‌ടിച്ചു. തെരുവുഗായകരുടെ സംഗീതവിരുന്ന്‌ ഒരുക്കിയാണ്‌  ഉദ്‌ഘാടനം അവിസ്‌മരണീയമാക്കിയത്‌. Read on deshabhimani.com

Related News