കൊച്ചി നഗരസഭയില്‍ സേവനങ്ങള്‍ ഓണ്‍ലൈനാകുന്നു



കൊച്ചി കൊച്ചി കോർപറേഷന്റെ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചതായി മേയർ എം അനിൽകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈമാസം ഏഴുമുതലുള്ള ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ലഭ്യമാണ്. ഐകെഎമ്മിന്റെ സോഫ്റ്റ്‌വെയറിലാണ്‌ രജിസ്ട്രേഷന്‍ നടത്തുന്നത്‌. സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചതോടെ കോർപറേഷനുകീഴിലെ എല്ലാ ആശുപത്രികളിലും സോഫ്റ്റവെയർ ഇൻസ്റ്റലേഷൻ പൂർത്തിയാക്കി. 2011 മുതല്‍ കൊച്ചി നഗരസഭയില്‍ ഇ​–-ഗവേണന്‍സ് നടപ്പാക്കാനുള്ള കരാര്‍ ഏറ്റെടുത്ത ടിസിഎസ്, ഡാറ്റ നല്‍കുന്നതോടെ ന​ഗരസഭയിലെ മുഴുവന്‍ ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈനായി ലഭിക്കും. ടിസിഎസ് സെർവറിലുള്ള ഡാറ്റ ലഭ്യമാക്കുന്നതുസംബന്ധിച്ച യോ​ഗം തിങ്കളാഴ്ച തദ്ദേശമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു ചേരും. ഐകെഎമ്മിന്റെ സഞ്ചയ സോഫ്റ്റ്‌വെയറിലൂടെ ഉടനടി കെട്ടിടനികുതി അടയ്ക്കാനാകും. ഈ സോഫ്റ്റ്‌വെയറിലേക്ക് ഡാറ്റ എന്റര്‍ ചെയ്യുന്ന ജോലി ആറുമാസത്തിനകം പൂർത്തിയാക്കും. വിവരങ്ങൾ ശരിയാണോയെന്ന് ഫീൽഡ് വർക്കിലൂടെ ഉറപ്പാക്കും. കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും കാലപ്പഴക്ക സർട്ടിഫിക്കറ്റും ഇതിലൂടെ ഡൗൺലോഡ് ചെയ്യാം. 15 മുതൽ ഐബിപിഎംഎസ്​ (ഇന്റലിജന്റ്‌​ ബിൽഡിങ്​ പ്ലാൻ മാനേജ്​മെന്റ്‌​ സിസ്​റ്റം) വഴി കെട്ടിടനിർമാണ അപേക്ഷകള്‍ ഓൺലൈനായി സ്വീകരിച്ചുതുടങ്ങി. 67 അപേക്ഷകൾ അംഗീകരിച്ച്​ പെർമിറ്റ്​ നൽകി. പണമൊടുക്കാൻ 36 ബാങ്കുകളുടെ സേവനമുള്ള പേമെന്റ്‌​ ഗേറ്റ്​വേ സൗകര്യമുണ്ടാകും. ഡെപ്യൂട്ടി മേയർ കെ എ അൻസിയ, കോർപറേഷൻ അഡീഷണൽ സെക്രട്ടറി മുഹമ്മദ് ഹുവൈസ്, ഐകെഎം ടെക്നികൽ വിദഗ്ധർ, നഗരസഭ റവന്യു ഓഫീസർ, സൂപ്രണ്ടിങ് എൻജിനിയർ, എക്സിക്യൂട്ടീവ് എൻജിനിയർമാർ, ഹെൽത്ത് ഓഫീസർ, ഐടി ഓഫീസർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News