കോവിഡ്‌ വ്യാപനം : പ്രതിരോധത്തിന്‌ വികേന്ദ്രീകൃത സംവിധാനം



കൊച്ചി കോവിഡ്‌ വ്യാപനം തടയുന്നതിന്‌ വികേന്ദ്രീകൃത സംവിധാനമൊരുക്കി ജില്ലാ ഭരണനേതൃത്വം. തദ്ദേശസ്ഥാപനങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയെ കൂട്ടിയിണക്കിയാണ്‌ പുതിയ സംവിധാനം നടപ്പാക്കുക. സമ്പർക്കത്തിലുള്ളവരെയും രോഗലക്ഷണങ്ങളുള്ളവരെയും കണ്ടെത്തി കൂടുതൽപേരിലേക്ക് വ്യാപനം തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്ത്‌ ആദ്യമായാണ് ഇത്തരമൊരു സംവിധാനം. രോഗികളുമായി സമ്പർക്കത്തിലുള്ളവരെ ആരോഗ്യവകുപ്പ് കണ്ടെത്തും. രോഗസാധ്യത കൂടുതലുള്ളവരെ 14 ദിവസത്തെ നിരീക്ഷണത്തിലാക്കും. ഇക്കാലയളവിൽ രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിൽ പരിശോധന ആവശ്യമില്ല. സ്രവം ശേഖരിക്കുന്നതിനും ആന്റിജൻ പരിശോധനയ്ക്കും കൂടുതൽ ആയുർവേദ ഡോക്ടർമാർക്കും നേഴ്സുമാർക്കും ലാബ് ടെക്നീഷ്യൻമാർക്കും പരിശീലനം നൽകും. ആന്റിജൻ കിറ്റുകളുടെ ലഭ്യത ഉറപ്പാക്കും. ആന്റിജൻ പരിശോധനയ്ക്ക്‌ വിധേയരാകുന്നവർ രോഗലക്ഷണങ്ങൾ മാറുന്നതുവരെ വീടുകളിൽ കഴിയണം. ലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിച്ചവരെ വീടുകളിൽത്തന്നെ ചികിത്സിക്കും. ലക്ഷണമുള്ളവർ ക്വാറന്റൈനിലിരുന്ന്‌ ടെലിമെഡിസിൻ സൗകര്യവും ഉപയോഗപ്പെടുത്തണം. ഇത്തരക്കാർക്ക്‌ അധികൃതരെ വിവരം അറിയിക്കുന്നതിന്‌ പ്രത്യേക ഫോൺ സൗകര്യം നൽകും. ഫോൺ വിളികൾ കൈകാര്യം ചെയ്യാൻ തദ്ദേശസ്ഥാപനതലത്തിൽ ജീവനക്കാരെയും ഏർപ്പെടുത്തും. നഗരസഭകളിൽ വികേന്ദ്രീകൃത സംവിധാനം നടപ്പാക്കുന്നതിന് പ്രത്യേകം ക്രമീകരണങ്ങൾ ഏർപ്പെടുത്തും. താലൂക്കുകളിലെ ഹെൽപ് ലൈൻ നമ്പറുകൾ. ആലുവ: 8589014488, കൊച്ചി: 9072251333, കോതമംഗലം: 9747211515, കണയന്നൂർ: 9496415594, മൂവാറ്റുപുഴ: 9846444945, പറവൂർ: 9188060967, കുന്നത്തുനാട്: 9744051006. Read on deshabhimani.com

Related News