കൂടുതൽ പ്രത്യേക ട്രെയിൻ വേണമെന്ന്‌ കേരളം ; മന്ത്രി ജി സുധാകരൻ റെയിൽവേ മന്ത്രിക്ക്‌ കത്തയച്ചു



തിരുവനന്തപുരം പുതിയ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്നും നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകളുടെ നിർത്തലാക്കിയ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. റെയിൽവേയുടെ ചുമതലയുള്ള മന്ത്രി ജി സുധാകരനാണ്‌ ഇക്കാര്യം ആവശ്യപ്പെട്ട്‌ കേന്ദ്ര റെയിൽവേ മന്ത്രിക്ക്‌ കത്തയച്ചത്‌. ലോക്ഡൗൺ പിൻവലിക്കലിന്റെ മൂന്നാംഘട്ട  ഇളവുകളുടെ ഭാഗമായി മെയ് മുതൽ  തിരുവനന്തപുരം–-കോഴിക്കോട്, തിരുവനന്തപുരം–-കണ്ണൂർ ജനശതാബ്ദി, തിരുവനന്തപുരം–-എറണാകുളം വേണാട്  ഉൾപ്പെടെ ഏഴ്‌ പ്രത്യേക ട്രെയിൻ അനുവദിച്ചിരുന്നു. കോവിഡ്‌ മാനദണ്ഡം പാലിക്കുന്നതിന്റെ ഭാഗമായി ഈ ട്രെയിനുകൾക്ക് സംസ്ഥാനത്ത് ചില സ്റ്റോപ്പുകൾ റദ്ദാക്കി. കോഴിക്കോട്–- തിരുവനന്തപുരം ജനശതാബ്ദി ട്രെയിനിന്റെ ആലുവ, ചേർത്തല, കായംകുളം, വർക്കല സ്റ്റോപ്പും കണ്ണൂർ–-തിരുവനന്തപുരം ജനശതാബ്ദിയുടെ തലശേരി, വടകര, മാവേലിക്കര, കായംകുളം സ്റ്റോപ്പും എറണാകുളം–-നിസ്സാമുദ്ദീൻ ട്രെയിനിന്റെ ആലുവ, പട്ടാമ്പി, കുറ്റിപ്പുറം, പരപ്പനങ്ങാടി, ഫറോക്ക്, കൊയിലാണ്ടി, വടകര, തലശേരി, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റോപ്പുകളും ലോക്മാന്യതിലക് എക്സ്പ്രസിന്റെ വർക്കല, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ചേർത്തല, ആലുവ, ഡിവൈൻ നഗർ, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, വടകര, തലശേരി, കണ്ണപുരം, പയ്യന്നൂർ, കാഞ്ഞങ്ങാട്  സ്റ്റോപ്പുമാണ്‌  നിർത്തലാക്കിയത്.                                                                                                                                  അൺലോക്ക് നാലാംഘട്ടത്തിൽ യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും യാത്ര ആവശ്യകത വർധിക്കുകയുംചെയ്ത സാഹചര്യത്തിൽ ഈ ട്രെയിനുകളുടെ നിർത്തലാക്കിയ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്നാണ്‌ മന്ത്രി ആവശ്യപ്പെട്ടത്‌. അൺലോക്ക് നാലാംഘട്ടത്തിൽ വിവിധ സംസ്ഥാനങ്ങൾക്ക് കൂടുതൽ ട്രെയിൻ സർവീസുകൾ അനുവദിച്ചെങ്കിലും കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കാൻ റെയിൽവേ തയ്യാറായിട്ടില്ല. Read on deshabhimani.com

Related News