മിന്നും ചോപ്പ്‌ ; ഉപതെരഞ്ഞെടുപ്പിൽ വീണ്ടും എൽഡിഎഫ്‌ കുതിപ്പ്‌



തിരുവനന്തപുരം ഒന്നാംവർഷം ആഘോഷിക്കുന്ന സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസം ആവർത്തിച്ചുറപ്പിച്ച്‌ സംസ്ഥാനത്തെ തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കുതിപ്പ്‌. സംസ്ഥാനത്തെ 42 തദ്ദേശ വാർഡിൽ 24ലും വിജയക്കൊടി പാറിച്ചു. 20 സീറ്റ്‌ കൈവശമുണ്ടായിരുന്ന എൽഡിഎഫിന്‌ 4 സീറ്റ്‌ കൂടുതൽ. ആകെ ഒമ്പത്‌ വാർഡ്‌  പിടിച്ചെടുത്തു. ഏഴെണ്ണം യുഡിഎഫിന്റേതും രണ്ടെണ്ണം ബിജെപിയുടേതുമാണ്‌. മൂന്ന്‌ എൽഡിഎഫ്‌ വാർഡുകളിൽ രണ്ടിടത്ത്‌ യുഡിഎഫും ഒരിടത്ത്‌ ബിജെപിയും വിജയിച്ചു. 16 സീറ്റുണ്ടായിരുന്ന യുഡിഎഫിന്‌ 12 ആയി. ബിജെപിക്ക്‌ ആറ്‌ സീറ്റുകൊണ്ട്‌ തൃപ്‌തിപ്പെടേണ്ടിവന്നു. തിരുവനന്തപുരത്ത്‌ നാല്‌ വാർഡിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും രണ്ടിടങ്ങളിൽ ജയം. പൂവാർ പഞ്ചായത്തിലെ അരശുംമൂടിൽ ബിജെപി സഹായത്തോടെ യുഡിഎഫ്‌ വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 186 വോട്ടുണ്ടായിരുന്ന ബിജെപിക്ക്‌ ഇക്കുറി 38 ആയി ചുരുങ്ങി.കൊല്ലത്ത്‌ ആറിൽ അഞ്ചിലും എൽഡിഎഫ്‌ ഉജ്വലവിജയം നേടി. കോൺഗ്രസിന്റെ രണ്ടും ബിജെപിയുടെ ഒന്നും സിറ്റിങ് സീറ്റുകൾ പിടിച്ചെടുത്തു. പത്തനംതിട്ടയിൽ മൂന്നിൽ രണ്ടിടത്ത്‌ എൽഡിഎഫ്‌ വിജയിച്ചു. റാന്നി അങ്ങാടി പഞ്ചായത്തിലെ അഞ്ചാം വാർഡ് കോൺഗ്രസിൽനിന്ന് പിടിച്ചെടുത്തതോടെ എൽഡിഎഫിന് കേവല ഭൂരിപക്ഷമായി. ആലപ്പുഴയിൽ ഒരിടത്ത്‌ എൽഡിഎഫും ഒരിടത്ത്‌ യുഡിഎഫും വിജയിച്ചു. ഇടുക്കിയിൽ മൂന്ന്‌ വാർഡിൽ രണ്ടിടത്തും എൽഡിഎഫിനാണ്‌ ജയം. ഉടുമ്പന്നൂർ പഞ്ചായത്ത് വെള്ളാന്താനം വാർഡ്‌ 30 വർഷത്തിനുശേഷം എൽഡിഎഫ്‌ പിടിച്ചെടുത്തു.    എറണാകുളത്ത്‌ ഒരിടത്ത്‌ എൽഡിഎഫും രണ്ട്‌ വാർഡിൽ യുഡിഎഫും മൂന്നിടത്ത്‌ ബിജെപിയും ജയിച്ചു. കുന്നത്തുനാട്ടിലെ വെമ്പിള്ളി വാർഡാണ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തത്‌. കൊച്ചി കോർപറേഷൻ എറണാകുളം സൗത്ത്‌ ഡിവിഷൻ ബിജെപി നിലനിർത്തി. തൃപ്പൂണിത്തുറ നഗരസഭയിലെ ഇളമനത്തോപ്പിലും പിഷാരികോവിലിലും യുഡിഎഫ്‌ വോട്ട്‌ നേടി ബിജെപി ജയംനേടി. യുഡിഎഫ്‌ മൂന്നാംസ്ഥാനത്തായി.  തൃശൂരിൽ ആറിൽ നാലിടത്തും എൽഡിഎഫിനാണ്‌ ജയം. തൃക്കൂർ ആലേങ്ങാട്‌ വാർഡ്‌ യുഡിഎഫിൽനിന്ന്‌ പിടിച്ചെടുത്തു. വടക്കാഞ്ചേരി നഗരസഭയിലെ ഒന്നാംകല്ലിലും ഇരിങ്ങാലക്കുട ബ്ലോക്ക്‌ ആനന്ദപുരം ഡിവിഷനിലും എൽഡിഎഫിനാണ്‌ ജയം. പാലക്കാട്‌ രണ്ടിൽ രണ്ടും എൽഡിഎഫിനാണ്‌. പല്ലശ്ശന പഞ്ചായത്തിലെ കൂടല്ലൂർ ബിജെപിയിൽനിന്ന്‌ തിരിച്ചുപിടിച്ചു. ചെർപ്പുളശേരി നഗരസഭയിലെ കോട്ടക്കുന്നിലും എൽഡിഎഫ്‌ ജയിച്ചു. മലപ്പുറം വള്ളിക്കുന്ന്‌ പഞ്ചായത്തിലെ ഒമ്പതാം വാർഡ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു. കോഴിക്കോട്‌ കൊടുവള്ളി നഗരസഭയിലെ വാരിക്കുഴിത്താഴം എൽഡിഎഫ്‌ നിലനിർത്തി. കണ്ണൂരിൽ അഞ്ചിൽ മൂന്നിടത്തും എൽഡിഎഫാണ്‌. ഒരിടത്ത്‌ വീതം ബിജെപിയും ലീഗും ജയിച്ചു. പയ്യന്നൂർ നഗരസഭയിലെ മുതിയലത്ത്‌ എൽഡിഎഫ്‌ ജയിച്ചപ്പോൾ കണ്ണൂർ കോർപറേഷനിലെ കക്കാട്‌ വാർഡിൽ  മുസ്ലിം ലീഗ്‌ വിജയിച്ചു. Read on deshabhimani.com

Related News