ചോയ്‌സ്‌ സ്‌കൂൾ മാനേജ്‌മെന്റിന്റെ ക്രൂരത ;
 ജീവിതം വഴിമുട്ടി സ്‌കൂൾബസ്‌ ഡ്രൈവർമാർ



തൃപ്പൂണിത്തുറ കോവിഡ്‌ കാലത്ത്‌ പിരിച്ചുവിട്ട സ്‌കൂൾബസ്‌ ഡ്രൈവർമാരെ സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റ്‌ തിരിച്ചെടുക്കാതെവന്നതോടെ നിരവധിപേരുടെ ജീവിതം പ്രതിസന്ധിയിലായതായി പരാതി. തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിൽനിന്ന്‌ പിരിച്ചുവിട്ട 35 ഡ്രൈവർമാരുടെ ജീവിതമാണ്‌ വഴിമുട്ടിയത്‌. കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകൾ പ്രവർത്തിക്കുന്നില്ലെന്ന്‌ പറഞ്ഞായിരുന്നു പിരിച്ചുവിടൽ. സ്‌കൂൾ തുറന്നശേഷം ഇവരെ തിരിച്ചെടുക്കാനും തയ്യാറായില്ല. ഇപ്പോൾ 600 ദിവസം പിന്നിട്ടു. പിറവം സ്വദേശിയായ ശിവരാജന്റെ അവസ്ഥ അതീവ ദയനീയമാണ്‌. രോഗിയായ ഭാര്യയും രണ്ട് പെൺകുട്ടികളും അടങ്ങുന്നതാണ്‌ ശിവരാജന്റെ കുടുംബം. ഭാര്യക്ക് അസുഖം വന്നതോടെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സിക്കാൻ ഏറെ ബുദ്ധിമുട്ടി. ബാങ്ക്‌ വായ്പയുടെ തിരിച്ചടവും മുടങ്ങി. മകളുടെ പഠനത്തിന്‌ ഉൾപ്പെടെ ബുദ്ധിമുട്ടുകയാണ്‌. ഇത്രയും ദിവസത്തെ ജീവിതം ദുരിതപൂർണമായിരുന്നെന്നും തൊഴിലില്ലാതെ മുന്നോട്ട് എങ്ങനെയെന്ന്‌ അറിയില്ലെന്നും പിറവം സ്വദേശിയായ ശിവരാജൻ പറഞ്ഞു. പിരിച്ചുവിട്ട ഡ്രൈവർമാർ സിഐടിയു നേതൃത്വത്തിൽ സ്‌കൂളിനുമുന്നിൽ സമരരംഗത്ത് ഉണ്ടെങ്കിലും തിരിച്ചെടുക്കാൻ സ്കൂൾ മാനേജ്മെന്റ്‌ തയ്യാറാകുന്നില്ല. പകരം കരാർ നൽകി സ്വകാര്യ കമ്പനിയുടെ ഡ്രൈവർമാരെ സ്‌കൂൾബസ്‌ ഓടിക്കാൻ നിയോഗിച്ചിരിക്കുകയാണ്‌. Read on deshabhimani.com

Related News