കൊച്ചിയെ കേരളത്തിന്റെ വികസന കവാടമാക്കും: മന്ത്രി തോമസ്‌ ഐസക്‌



കൊച്ചി അടിസ്ഥാന സൗകര്യ വികസനത്തിൽ പരിവർത്തന ഘട്ടത്തിലൂടെയാണ്‌ കേരളം കടന്നുപോകുന്നതെന്നും  ഇതിൽ കൊച്ചിക്ക്‌ പ്രധാന പങ്ക്‌ വഹിക്കാനാകുമെന്നും ധനമന്ത്രി  ടി എം തോമസ്‌ ഐസക്‌. കൊച്ചി കോർപറേഷൻ സംഘടിപ്പിച്ച ‘ധനമന്ത്രി കൊച്ചിക്കൊപ്പം’ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസന കവാടമാണ്‌ കൊച്ചി. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള കുതിപ്പ്‌ കൊച്ചി കേന്ദ്രീകരിച്ചാണ്‌ നടക്കുക. മെട്രോപൊളിറ്റൻ നഗരമായ കൊച്ചിക്ക്‌ അതിന്റേതായ പശ്‌ചാത്തല സൗകര്യം ഒരുക്കണമെന്നുള്ളത് കേരളത്തിന്റെ ആവശ്യമാണ്‌‌. നഗരശുചീകരണം, കൊച്ചിയെ ഹരിതാഭമാക്കുക, സ്‌ത്രീകൾക്കെതിരായ അക്രമം തടയുക എന്നിവയ്‌ക്കെല്ലാം ബജറ്റിൽ പദ്ധതികളുണ്ട്‌. വാട്ടർ മെട്രോ, അറ്റ്‌ലാന്റിസ്‌ റെയിൽവേ മേൽപ്പാലം, പുതിയ റോഡുകൾ, തേവര ആകാശപാത എന്നിവ വരുന്നതോടെ  ഗതാഗതക്കുരുക്കിന്‌‌ പരിഹാരമാകും. നഗരത്തിലെ വെള്ളക്കെട്ട്‌ പരിഹരിക്കാൻ പഠനം നടത്താമെന്നും മന്ത്രി‌ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന്‌ പണം ഒരിക്കലും തടസ്സമല്ല. കിഫ്‌ബി പോലെയുള്ള സംവിധാനങ്ങൾ നമുക്ക്‌ അക്കാര്യം ഉറപ്പു നൽകുന്നുണ്ട്‌. സാമ്പത്തിക അടിത്തറ, സാമൂഹ്യക്ഷേമ മേഖല എന്നിങ്ങനെ സമ്പദ്‌ഘടനയ്‌ക്ക്‌ രണ്ട്‌ തലങ്ങളുണ്ട്‌. കോവിഡ്‌ കാലത്ത്‌ നമ്മുടെ സാമൂഹ്യക്ഷേമ മേഖല ഏറെ പ്രചാരം നേടി. മൂന്നോ നാലോ ലക്ഷം കുടുംബങ്ങൾ ഒഴികെ മറ്റെല്ലാവർക്കും പ്രാഥമിക ആവശ്യങ്ങൾ ഉറപ്പാക്കി. ഇത്‌ നിലനിർത്താൻ സാമ്പത്തിക അടിത്തറയിൽ പൊളിച്ചെഴുത്ത്‌ വേണം. അതിവേഗത്തിൽ വളരാൻ കഴിയുന്ന, ജോലി ചെയ്യുന്നവർക്ക്‌ മികച്ച ശമ്പളം ലഭിക്കുന്ന പുതിയ വ്യവസായ അടിത്തറയിൽ കേരളത്തെ പുതുക്കിപ്പണിയണം. ഈ മാറ്റത്തിന്‌ കൊച്ചിക്ക്‌ പ്രധാന പങ്ക്‌ വഹിക്കാനാകും. വിജ്ഞാനാധിഷ്‌ഠിത വ്യവസായങ്ങളാണ്‌ കേരളത്തിന്‌ ഏറ്റവും അനുയോജ്യം. അതിലേക്കുള്ള മാറ്റത്തിനുള്ള രൂപരേഖ ബജറ്റിലുണ്ട്‌. അഞ്ചുവർഷംമുമ്പ്‌ ഇത്‌ ചിന്തിക്കാൻ പറ്റില്ല. റോഡ്‌, ഗതാഗത സൗക‌ര്യങ്ങൾ തുടങ്ങിയവ യാഥാർഥ്യമാക്കാതെ ഇതൊന്നും വെറുതേ ദിവാസ്വപ്‌നം കാണാനാകില്ല. രണ്ടോ  മൂന്നോ വർഷത്തിനകം കേരളത്തിൽ അടിസ്ഥാന സൗകര്യ വികസനം യാഥാർഥ്യമാക്കാനാകും. വ്യവസായങ്ങളെ സ്വാഗതം ചെയ്യുന്നതിന്‌ നിരവധി ഇളവുകളാണ്‌ മുമ്പെങ്ങും ഇല്ലാത്തവിധം സർക്കാർ നൽകുന്നത്‌. കോവിഡ്‌ കാലത്ത്‌ ആരെ ആദ്യം മരണത്തിനു വിട്ടുകൊടുക്കണമെന്ന്‌ കേരളത്തിൽ നമുക്ക്‌ ചർച്ച ചെയ്യേണ്ടി വന്നിട്ടില്ല. അത്‌ നമ്മുടെ ആരോഗ്യമേഖലയുടെ മേന്മയാണെന്നും മന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News