തെലങ്കാനയിലെ ഓപ്പറേഷൻ കമല ; നാണക്കേടായെന്ന്‌ 
ബിജെപി സംസ്ഥാനനേതൃത്വം



കൊച്ചി തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ഓപ്പറേഷൻ കമലയ്ക്കായി ബിജെപി ദേശീയ നേതൃത്വം തുഷാർ വെള്ളാപ്പള്ളിയെ നിയോഗിച്ചത്‌ പാർടിക്ക്‌ നാണക്കേടുണ്ടാക്കിയതായി സംസ്ഥാന നേതാക്കൾ കേന്ദ്രനേതൃത്വത്തെ അറിയിച്ചു. തെലങ്കാന പൊലീസ് സംസ്ഥാനത്ത്‌ നടത്തുന്ന അന്വേഷണം ബിജെപിക്കാണ്‌ തിരിച്ചടിയായതെന്ന്‌ കോർകമ്മിറ്റി യോഗം വിലയിരുത്തി. കൊച്ചിയിൽ വ്യാഴാഴ്‌ച ചേർന്ന കോർകമ്മിറ്റി യോഗത്തിൽ അഖിലേന്ത്യാ സെക്രട്ടറി പ്രകാശ്‌ ജാവദേക്കറോടാണ്‌ നേതാക്കൾ പ്രതിഷേധം അറിയിച്ചത്‌. ബിജെപി സംസ്ഥാന നേതൃത്വവുമായി അകന്നുനിൽക്കുന്ന ബിഡിജെഎസ് നേതാവും എൻഡിഎ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിയോടുള്ള അതൃപ്‌തിയാണ്‌ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളുടെ പ്രതിഷേധത്തിന്‌ കാരണം. കൊച്ചിയിലും കൊല്ലത്തും തെലങ്കാന പൊലീസ്‌ ക്യാമ്പ്‌ ചെയ്‌ത്‌ അന്വേഷണം നടത്തുമ്പോൾ, അറിവില്ലാത്ത കാര്യത്തിന്‌ പഴികേൾക്കേണ്ട അവസ്ഥയാണ്‌. ഇതുണ്ടാക്കിയത്‌ കേന്ദ്രനേതൃത്വമാണെന്ന്‌ നേതാക്കൾ പറഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാകാൻ തെലങ്കാന പൊലീസ് തുഷാറിന് നോട്ടീസ് നൽകിയിരിക്കുകയാണ്‌. എന്നാൽ, യോഗം കഴിഞ്ഞ്‌ പുറത്തുവന്ന സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ ഇതേക്കുറിച്ച്‌ പ്രതികരിക്കാൻ തയ്യാറായില്ല. തുഷാറിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു ജാവദേക്കറിന്റെ പ്രതികരണം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുന്നോടിയായി സംസ്ഥാനത്ത്‌ ആരംഭിച്ച ഫണ്ട്‌ ശേഖരണത്തിന്‌ കാര്യമായ പ്രതികരണമില്ലെന്ന്‌ വിലയിരുത്തിയ യോഗം, അത്‌ വിജയിപ്പിക്കാൻ കർശന നിർദേശം നൽകി. ദേശീയ കൗൺസിൽ അംഗം പി കെ കൃഷ്‌ണദാസ്‌, കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, ഒ രാജഗോപാൽ എന്നിവർ പങ്കെടുത്തില്ല. Read on deshabhimani.com

Related News