ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കാം: ഹൈക്കോടതി



ശബരിമല വിമാനത്താവള നിർമാണത്തിനായി സർക്കാരിന് ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നതിന് ഏർപ്പെടുത്തിയ സ്റ്റേ നീക്കി. നഷ്ടപരിഹാരത്തുക കലക്ടർ കോടതിയിൽ കെട്ടിവയ്‌ക്കണമെന്ന സർക്കാർ ഉത്തരവിലെ വ്യവസ്ഥ കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കാനും നഷ്ടപരിഹാരം നിശ്ചയിക്കാനുമുള്ള 2013 ലെ കേന്ദ്ര നിയമത്തിന്റെ വ്യവസ്ഥകൾപ്രകാരമാണ് നടപടി വേണ്ടതെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താക്ക്‌ വ്യക്തമാക്കി. സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രാഥമിക നടപടിമാത്രമാണെന്നും യഥാർഥ നടപടി ആരംഭിക്കുന്നത് വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾമാത്രമാണെന്നും കോടതി പറഞ്ഞു. ഭൂമി ഇപ്പോൾ ഹർജിക്കാരായ അയന ചാരിറ്റബിൾ സൊസൈറ്റിയുടെ കൈവശമാണ്. ഭൂമിയുടെ  ഉടമസ്ഥാവകാശം സർക്കാരിനാണെന്ന വാദം തെളിയിക്കുന്നതിന് സർക്കാർ സിവിൽ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും ഹൈക്കോടതി ഡിവിഷൻബെഞ്ചിന്റെ നിർദേശപ്രകാരമാണ്‌ ഇതെന്നും കോടതി പറഞ്ഞു. ഭൂമി ഏറ്റെടുക്കന്നതിനുമുമ്പ്‌ നിയമപ്രകാരമുള്ള സാമൂഹ്യ ആഘാതപഠനം നടത്തണം. ഇതിനായി വിദഗ്‌ധസമിതിയെ നിയോഗിക്കണം. ഭൂമി ഏറ്റെടുക്കേണ്ട പൊതുവായ ആവശ്യകതയുണ്ടോ എന്നും പരിശോധിക്കപ്പെടും. ഇക്കാര്യങ്ങളെല്ലാം സർക്കാർ വിജ്ഞാപനത്തിനുശേഷം നടക്കേണ്ട കാര്യങ്ങളാണ്. ആ ഘട്ടത്തിൽ ഉടമസ്ഥാവകാശം ഉന്നയിക്കുന്ന ഹർജിക്കാർക്ക് കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കി.ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് സിവിൽ കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണ് വൃക്ഷങ്ങളുടെയും മറ്റും നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവയ്ക്കാൻ തീരുമാനിച്ചതെന്നായിരുന്നു സർക്കാർ വിശദീകരണം. Read on deshabhimani.com

Related News