ചടുലനീക്കം, കളംനിറഞ്ഞ്‌ എൽഡിഎഫ് ;ആത്മവിശ്വാസം ചോർന്ന്‌ യുഡിഎഫ്‌



എൽഡിഎഫുമായിചേർന്ന്‌ പ്രവർത്തിക്കാനുള്ള കേരള കോൺഗ്രസ്‌ എം തീരുമാനത്തിന്‌ പിന്നാലെ രാഷ്‌ട്രീയനീക്കങ്ങളും ചടുലമായി. സിപിഐ എം, സിപിഐ നേതൃത്വങ്ങളുമായി കൂടിക്കാഴ്‌ച നടത്തിയ ജോസ്‌ കെ മാണി എൽഡിഎഫ്‌ പ്രവേശം വൈകില്ലെന്ന പ്രതീക്ഷ പങ്കുവച്ചു‌. ചർച്ചകളിലും കൂടിക്കാഴ്‌ചകളിലും മുഴുകി രാഷ്‌ട്രീയക്കളത്തിൽ ശക്തമായ മുന്നേറ്റത്തിന്‌ എൽഡിഎഫ്‌ തുടക്കമിട്ടപ്പോൾ യുഡിഎഫിൽ തർക്കം രൂക്ഷമായി. ഒരു ചുക്കും സംഭവിക്കില്ലെന്നാണ്‌ കഴിഞ്ഞ ദിവസം യുഡിഎഫ്‌ നേതൃയോഗത്തിൽ പി ജെ ജോസഫ്‌ വീമ്പുപറഞ്ഞത്‌. ഇത്‌ കോൺഗ്രസും മുസ്ലിംലീഗും  മുഖവിലയ്‌ക്ക്‌ എടുത്തിട്ടില്ല. പ്രവർത്തകരുടെ ആത്മവീര്യം ചോർത്തിയെന്ന വിമർശം കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ ഉയർന്നിട്ടുണ്ട്‌. പ്രത്യാഘാതം സ്വയം നേരിടാനാവശ്യപ്പെട്ട്‌ ഹൈക്കമാൻഡ്‌ വിമുഖത പരസ്യമാക്കി. എ കെ ആന്റണിയടക്കം നിശ്ശബ്‌ദരാണ്‌. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പിൻവാങ്ങി. വിശദമായ ചർച്ച വേണമെന്ന  ലീഗ്‌ നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടും യുഡിഎഫ്‌ പ്രതിസന്ധിയുടെ ആഴം വിളിച്ചോതുന്നു. കേരള കോൺഗ്രസിനെ പടിയിറക്കി വിട്ടതിൽ കെപിസിസി നേതൃത്വത്തെ പഴിചാരി കെ മുരളീധരൻ രംഗത്ത്‌ വന്നു. കോൺഗ്രസ്‌ വിട്ടുപോയ കരുണാകരനെയും മുരളീധരനെയും തിരികെയെടുത്തത്‌  ഓർമിപ്പിച്ച്‌‌ മുല്ലപ്പള്ളി രാമചന്ദ്രൻ  ഇതിനെ‌ തിരിച്ചടിച്ചു‌. കരുണാകരന്റെ കാലത്ത്‌ ഘടകകക്ഷികൾ വിട്ടുപോയിട്ടില്ലെന്ന ഒളിയമ്പിനുപിന്നിൽ ഗൂഢലക്ഷ്യമാണെന്ന വിലയിരുത്തലാണ്‌ കെപിസിസി നേതൃത്വത്തിന്‌.  മുരളീധരനെ പിന്തുണച്ച്‌ കൂടുതൽ നേതാക്കൾ രംഗത്തുവരുമെന്ന്‌‌ മുല്ലപ്പള്ളിയും രമേശ്‌ ചെന്നിത്തലയും ഭയക്കുന്നു.  കേരള കോൺഗ്രസ്‌ എം യുഡിഎഫ്‌ വിട്ടത്‌ രാഷ്‌ട്രീയ ബലാബലത്തിൽ വലിയ മാറ്റത്തിന്‌ വഴിതെളിച്ചതായാണ്‌ സൂചന. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത് ശക്തമായി പ്രതിഫലിക്കുമെന്ന അങ്കലാപ്പിലാണ്‌ യുഡിഎഫ്‌. കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ തിരിച്ചടി മറികടക്കാനുള്ള ആലോചനകളിലാണ്‌ കോൺഗ്രസ്‌ നേതൃത്വം. എൽഡിഎഫിലെ ഭൂരിപക്ഷം കക്ഷികളും കേരള കോൺഗ്രസ്‌ നിലപാടിനെ സ്വാഗതം ചെയ്‌തിട്ടുണ്ട്‌. മുന്നണി പ്രവേശത്തിൽ എൽഡിഎഫ്‌ യോഗമെന്ന ഔപചാരിക നടപടിയാണ്‌ ബാക്കിയുള്ളത്‌. യുഡിഎഫ്‌ ബന്ധം മുറിച്ചെറിഞ്ഞ കേരള കോൺഗ്രസ്‌ തീരുമാനം തുടർഭരണ ലക്ഷ്യത്തിലേക്കുള്ള എൽഡിഎഫ്‌ പ്രയാണത്തിന്‌ വേഗം കൈവന്നിരിക്കുകയാണ്‌. Read on deshabhimani.com

Related News