സ്വയം പരിഹാസ്യനായി ഗവർണർ ; 90 വയസ്സുള്ള ഇർഫാൻ ഹബീബ്‌ വധിക്കാൻ ശ്രമിച്ചെന്ന്‌



തിരുവനന്തപുരം സർക്കാരിനും സർവകലാശാലകൾക്കും മുഖ്യമന്ത്രിക്കും എതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച്‌ സ്വയം ചെറുതായി കേരള ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ. മുഖ്യമന്ത്രി അനധികൃതമായി സഹായിച്ചെന്നും 90 വയസ്സായ ഇർഫാൻ ഹബീബ്‌ വധിക്കാൻ ശ്രമിച്ചെന്നുമുള്ള ആരോപണത്തിലൂടെ പരിഹാസ്യനാകുകയാണ്‌ ഗവർണർ. പറഞ്ഞതിൽ ഉറച്ചുനിൽക്കാനോ ഏതെങ്കിലും ആരോപണം തെളിയിക്കാനോ ഇന്നുവരെ കഴിഞ്ഞിട്ടില്ല. നിരന്തരം മാറ്റിപ്പറയുന്നു. വങ്കത്തരങ്ങൾ വിളിച്ചുപറഞ്ഞ്‌ ഗവർണർ പദവിതന്നെ ഒരു തമാശയായി ജനം കാണുന്ന അവസ്ഥയായി. കണ്ണൂർ വിസി ഗോപിനാഥ്‌ രവീന്ദ്രനെ ഇപ്പൊ ശരിയാക്കുമെന്ന്‌ വീമ്പിളക്കിയിട്ട്‌ ആഴ്ചകൾ കഴിഞ്ഞു. ഇപ്പോൾ മുഖ്യമന്ത്രി കത്തിന്‌ മറുപടി തന്നില്ല, തിരിച്ചുവിളിച്ചില്ല തുടങ്ങിയ നിലവാരമില്ലാത്ത പരാതികളായി. അതും പച്ചനുണയെന്ന്‌ തെളിഞ്ഞു. മുഖ്യമന്ത്രി കൃത്യമായി മറുപടി അയക്കാറുണ്ട്‌. അറിയിക്കേണ്ട തീരുമാനങ്ങൾ നിയമപ്രകാരം അറിയിക്കുന്നു. ക്യാബിനറ്റ്‌ അജൻഡയും എത്തിക്കാറുണ്ട്‌. ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചെല്ലാറുമുണ്ട്‌. എന്നാൽ, രാജ്‌ഭവൻ ചെയ്യേണ്ട കാര്യങ്ങളിൽ ആ സമീപനമാണോ എന്നാണ്‌ ഗവർണർ ഉത്തരം നൽകേണ്ടത്‌. മുഖ്യമന്ത്രിയുടെ സ്റ്റാഫ് അം​ഗത്തിന്റെ ബന്ധുവിന് നിയമനം ലഭിച്ചത്‌ ഊതിവീർപ്പിച്ച്‌ കൊണ്ടുവന്നെങ്കിലും കൃത്യമായ മറുപടി വന്നപ്പോൾ പഴയ ‘വധശ്രമം’ എടുത്തിട്ടു. അത്‌ പ്രതിഷേധം മാത്രമായിരുന്നുവെന്ന്‌ ജനം കണ്ടതാണ്‌. ബില്ലിൽ ഒപ്പിടുന്നതും ഇതുമായും ഒരു ബന്ധവുമില്ല. ചാൻസലർ പദവിയിൽ തുടരാൻ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി അയച്ച കത്തിൽ രഹസ്യങ്ങളേതുമില്ല. ചാൻസലറായി തുടരണമെന്ന അഭ്യർഥന മാത്രം. അതേസമയം, ചാൻസലർ സ്ഥാനമൊഴിയാൻ തയ്യാറാണെന്ന്‌  ഗവർണർ ദിവസവും മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞത്‌ ആരും മറന്നിട്ടില്ല. ചില സർവകലാശാലകളിൽ സ്വന്തം താൽപ്പര്യംവച്ച്‌ ഇടപെടാൻ ശ്രമിച്ചതും പരസ്യമായ രഹസ്യം. ഇന്ത്യയിൽത്തന്നെ ജനങ്ങളുടെ സുരക്ഷയ്ക്ക്‌ ഒന്നാമതുള്ള കേരളത്തിൽ ഗവർണർക്ക്‌ എന്തെങ്കിലും അരക്ഷിതാവസ്ഥയുണ്ടെന്ന്‌ പറഞ്ഞാലും ജനം ചിരിക്കും.   Read on deshabhimani.com

Related News