സ്വർണക്കടത്ത്‌ കേസ്‌ അട്ടിമറിക്കാൻ ബിജെപി നേതാവ്‌ കോടികൾ കൈപ്പറ്റി ; ഇടനിലക്കാരനായത്‌ പ്രമുഖ ജ്വല്ലറി ഉടമ



കോഴിക്കോട്‌ സ്വർണക്കടത്ത്‌ കേസുകൾ അട്ടിമറിക്കാൻ ബിജെപി സംസ്ഥാന നേതാവ്‌ ജ്വല്ലറി ഉടമകളിൽനിന്ന് കോടികൾ കൈപ്പറ്റിയെന്ന്‌ പരാതി.  കോഴിക്കോട്‌ കസ്‌റ്റംസ്‌ പ്രിവന്റീവ്‌ ഡിവിഷൻ ഡെപ്യൂട്ടി കമീഷണറും സ്വർണക്കടത്തിന്റെ‌ അന്വേഷണം,  ഏകോപനം എന്നീ ചുമതലകളുമുള്ള ഡോ. എൻ എസ്‌ രാജിയെ  മാറ്റാൻ‌ ജ്വല്ലറി ഉടമകളിൽനിന്ന്‌ കോഴവാങ്ങിയെന്നാണ്‌ ആരോപണം. സ്വർണക്കടത്ത്‌ ലോബിയിൽ ഉൾപ്പെടുന്ന ജ്വല്ലറി ഉടമകളിൽ നിന്നാണ്‌ പിരിച്ചത്‌. പത്തുലക്ഷം മുതൽ മുകളിലേക്കുള്ള തുകയാണ്‌ വിവിധ ജ്വല്ലറിക്കാർ നൽകിയത്‌. ബിജെപി–-ആർഎസ്‌എസ്‌ ആഭിമുഖ്യമുള്ള പ്രമുഖ ജ്വല്ലറി ഉടമ ഇടനിലക്കാരനായി. ചില ജ്വല്ലറിക്കാർ നേതാക്കളെ  കോഴവിവരം ധരിപ്പിച്ചിട്ടുണ്ട്‌. ദേശീയ നേതൃത്വത്തിന്‌ പരാതി നൽകാനുള്ള ഒരുക്കത്തിലാണിവർ. കരിപ്പൂർ വിമാനത്താവളത്തിലെ കസ്‌റ്റംസ്‌ ഇന്റലിജന്റ്‌സിന്റെയും കാർഗോ വിഭാഗത്തിന്റെയും‌ ചുമതലയും  ഡോ.  രാജിക്കാണ്‌.  നിരന്തര പരിശോധന നടത്തി പലവട്ടം സ്വർണം പിടിച്ചതോടെയാണ്‌ സ്വർണക്കടത്തുലോബി ബിജെപി സംസ്ഥാനനേതാവിനെ സമീപിച്ചത്‌. ഡോ. രാജിയെ സ്ഥലം മാറ്റാമെന്ന ഉറപ്പിൽ വൻതുക കൈമാറി. നയതന്ത്രബാഗേജിലൂടെയുള്ള സ്വർണക്കടത്ത്‌‌ കേസിൽ ബിജെപി താൽപ്പര്യത്തിന്‌ വഴങ്ങാത്ത രണ്ട്‌ ഉദ്യോഗസ്ഥരെ നേരത്തെ ചുമതലയിൽനിന്ന്‌ നീക്കിയിരുന്നു‌. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന്‌ ഇടപെടൽ ഉണ്ടായെന്ന കെ സുരേന്ദ്രന്റെ ആക്ഷേപം നിഷേധിച്ച കസ്‌റ്റംസ്‌ ജോ. കമീഷണർ അനീഷ്‌ രാജനെയാണ്‌ ആദ്യം മാറ്റിയത്‌.   ജനം ടിവി തലവൻ അനിൽ നമ്പ്യാരെ ചോദ്യംചെയ്‌തതിന്‌ പിന്നാലെ അസി. കമീഷണർ എൻ എസ്‌ ദേവിനെയും നീക്കി. ദേവിന്‌ പകരക്കാരിയായാണ്‌ സ്വർണക്കടത്ത്‌ അന്വേഷണത്തിൽ ഡോ.  രാജി വന്നത്‌. Read on deshabhimani.com

Related News