എസ്‌എഫ്‌ഐ ദക്ഷിണേന്ത്യൻ മേഖലാജാഥയ്ക്ക്‌ ഉജ്വല വരവേൽപ്പ്‌



കൊച്ചി നൂറുകണക്കിന്‌ വിദ്യാർഥികൾ അണിനിരന്ന റാലിയോടെ എസ്‌എഫ്‌ഐ ദക്ഷിണേന്ത്യൻ മേഖലാജാഥയ്ക്ക്‌ എറണാകുളം ജില്ലയിൽ വൻവരവേൽപ്പ്‌. എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു നയിക്കുന്ന ജാഥയ്ക്ക്‌ ജില്ലയിലെ സ്വീകരണകേന്ദ്രമായ കുസാറ്റിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു വരവേൽപ്പ്‌. സർവകലാശാലയുടെ പ്രധാനകവാടത്തിൽ വിദ്യാർഥികൾ പ്രകടനമായെത്തി ജാഥയെ വരവേറ്റു. രാജ്യത്തെയും ഭരണഘടനയെയും വിദ്യാഭ്യാസത്തെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി കന്യാകുമാരിയിൽനിന്ന്‌ ആരംഭിച്ച യാത്ര പുതുച്ചേരി, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌, കർണാടക എന്നിവിടങ്ങളിൽ പര്യടനം നടത്തിയാണ്‌ കേരളത്തിലെത്തിയത്‌. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ഏരിയ സെക്രട്ടറി കെ ബി വർഗീസ്‌, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എ ആർ രഞ്‌ജിത്‌ എന്നിവർ ജാഥാ ക്യാപ്‌റ്റനെയും അംഗങ്ങളെയും പൊന്നാട അണിയിച്ചു. കേന്ദ്ര വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി 34 ശതമാനം ഗ്രാമങ്ങളിലെയും പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതാകുമെന്ന്‌ സ്വീകരണം ഏറ്റുവാങ്ങിയശേഷം വി പി സാനു പറഞ്ഞു. കേന്ദ്ര സെക്രട്ടറിയറ്റ്‌ അംഗം നിതീഷ്‌ നാരായണൻ വൈസ്‌ ക്യാപ്‌റ്റനായ ജാഥയിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വസുദേവറെഡ്ഡി, സത്യാഷ, തമിഴ്നാട് സംസ്ഥാന സെക്രട്ടറി  മാരിയപ്പൻ, കേരള സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ എന്നിവരാണ്‌ മറ്റ്‌ അംഗങ്ങൾ. കുസാറ്റിലെ സ്വീകരണത്തിൽ ജില്ലാ പ്രസിഡന്റ്‌ അർജുൻ ബാബു, ജോയിന്റ്‌ സെക്രട്ടറി ടി ആർ അർജുൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News