‘എന്തിന്‌ ഞങ്ങടെ 
കൂടപ്പിറപ്പിനെ കൊന്നു’

ഷാജഹാന്റെ അയൽവാസി 
കണ്ണു


പാലക്കാട്‌ ‘ഷാജഹാൻ ഞങ്ങളുടെ ധൈര്യമായിരുന്നു. എന്ത്‌ ആവശ്യത്തിനും ഒന്ന്‌ വിളിച്ചാൽ മതി, ഓടിയെത്തും. കോവിഡ്‌കാലത്ത്‌ എല്ലാ വീട്ടിലും എത്തി കാര്യങ്ങൾ അന്വേഷിച്ചു. മരുന്നും ആഹാരവും എത്തിച്ചത്‌ അവനാണ്‌. ഞങ്ങളുടെ കൂടപ്പിറപ്പിനെ എന്തിനാണ്‌ അവർ കൊന്നത്‌.?’ ആർഎസ്‌എസ്സുകാർ കൊന്നുതള്ളിയ മരുതറോഡ്‌ കുന്നങ്കാട്ടിലെ എസ്‌ ഷാജഹാന്റെ അയൽവാസി കണ്ണുവിന്റെ വാക്കിലുണ്ട്‌ ഒരു നാടിന്റെയാകെ വേദനയും സങ്കടവും. സ്‌നേഹംമാത്രം സമ്മാനിച്ച പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിൽ കുന്നങ്കാട്‌ ഇപ്പോഴും തേങ്ങുകയാണ്‌. സിപിഐ എമ്മിന്റെ ശക്തികേന്ദ്രമായ പ്രദേശത്ത്‌ കടന്നുകയറാൻ ആർഎസ്‌എസ്‌ നടത്തിയ ഗൂഢാലോചനയാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്ന്‌ നാട്ടുകാർ പറയുന്നു. പലപ്പോഴായി ഷാജഹാന്‌ ആർഎസ്‌എസിന്റെ വധഭീഷണി ഉണ്ടായിരുന്നു. പലതവണ പ്രകോപനം ഉണ്ടാക്കി. എന്നാൽ, അവർ അവനെ കൊല്ലുമെന്ന്‌ ആരും പ്രതീക്ഷിച്ചില്ല–നാട്‌ പറയുന്നു. കുടുംബത്തിന്റെ സന്തോഷമാണ്‌ ക്രിമിനലുകൾ അറുത്തെടുത്തത്‌. ഷാജഹാന്റെ  ഭാര്യ ഐഷയേയും മൂന്ന്‌ മക്കളെയും വൃദ്ധരായ ഉമ്മയേയും ഉപ്പയേയും ആശ്വസിപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും വീട്ടിലേക്ക്‌ ഇടതടവില്ലാതെ എത്തുകയാണ്‌.   Read on deshabhimani.com

Related News