‘എന്തിനെൻ പ്രിയന്റെ 
ജീവനെടുത്തു' ; വേദനയിൽ ഉരുകി ഐഷ

കൊല്ലപ്പെട്ട ഷാജഹാന്റെ ഭാര്യ ഐഷയും ഉമ്മ സുലൈഖയും


പാലക്കാട്‌ "ഞങ്ങളുടെ വീടിന്റെ നെടുംതൂണിനെയാണ്‌ വെട്ടിവീഴ്‌ത്തിയത്‌, എല്ലാവർക്കും നന്മ മാത്രം ചെയ്‌ത എന്റെ ഭർത്താവിനെ ഇഞ്ചിഞ്ചായാണ്‌ കൊന്നത്‌. എന്തിനാണിത്‌ ചെയ്‌തത്‌. ആർക്കുവേണ്ടി ഞങ്ങളുടെ പ്രിയപ്പെട്ടവനെ കൊലചെയ്‌തു.'_ കണ്ണീരിൽ മുങ്ങിയ ഐഷയുടെ വാക്കുകൾ മുറിയുകയാണ്‌. ആർഎസ്‌എസുകാർ ക്രൂരമായി കൊന്ന സിപിഐ എം നേതാവ്‌ എസ്‌ ഷാജഹാന്റെ ഭാര്യ ഐഷ, പ്രിയപ്പെട്ടവൻ എന്നെന്നേക്കുമായി നഷ്‌ടമായെന്ന സങ്കടത്തിൽ ഉള്ളുതകർന്നിരിക്കയാണ്‌. ‘‘ഈ ക്രൂരത ചെയ്‌തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം. അവർക്ക്‌ തക്കതായ ശിക്ഷ നൽകണം'–-നിറകണ്ണുകളോടെ ഐഷ പറഞ്ഞു. ഭീഷണിയുള്ള കാര്യമൊന്നും ഞങ്ങളോട്‌ പറഞ്ഞിരുന്നില്ല. കേട്ടും കണ്ടുമൊക്കെ കുറച്ച്‌ കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു. സമീപത്തെ ഒരു മരണവീട്ടിലേക്ക്‌ പോകുമ്പോൾ പ്രതികൾ വഴിയിൽനിന്ന്‌ മോശം കമന്റ്‌ പറഞ്ഞിരുന്നു. ശത്രുക്കളെപ്പോലെയായിരുന്നു അവരുടെ നോട്ടം. അപ്പോഴേ മനസ്സിൽ ആധി കയറിയതാണ്‌. രണ്ടാഴ്‌ചമുമ്പ്‌ ഭക്ഷണം കഴിക്കുമ്പോൾ ഞാൻ ഇല്ലെങ്കിലും നിങ്ങൾ നന്നായി ജീവിക്കണമെന്ന്‌ ഭർത്താവ്‌ പറഞ്ഞു. അപ്പോൾ മുതൽ സമാധാനം നഷ്ടപ്പെട്ടു. ആഗസ്‌ത്‌ 15ന്‌ ഷാജഹാനെ കൊടി ഉയർത്താൻ അനുവദിക്കില്ലെന്ന്‌ ഭീഷണിയുള്ളതായി അദ്ദേഹം ഫോണിലൂടെ ആരോടോ സംസാരിക്കുന്നത്‌ കേട്ടിരുന്നു. സൂക്ഷിക്കണമെന്ന്‌ ബന്ധുവും സുഹൃത്തുമായ മുസ്‌തഫയും പറഞ്ഞു. എന്നാൽ അദ്ദേഹം  വകവച്ചില്ല. അനീഷും ശബരീഷുമൊക്കെ ഭീഷണിപ്പെടുത്തിയതായി ഒരിക്കൽ പറഞ്ഞിരുന്നു. പൊലീസിൽ പരാതി കൊടുക്കാൻ പറഞ്ഞിട്ട്‌ കേട്ടില്ല.  14-ന്‌ ഞാനും മക്കളും കല്ലടിക്കോട്ടെ എന്റെ വീട്ടിലായിരുന്നു. ഭർത്താവ്‌ നിർബന്ധിച്ചിട്ടാണ്‌ ഒന്നര വർഷത്തിനുശേഷം വീട്ടിൽ പോയത്‌. എന്നാൽ പോയിട്ടും സമാധാനമുണ്ടായില്ല. വേഗം വീട്ടിലെത്തണം വൈകരുതെന്ന്‌ ഫോണിലൂടെ പറഞ്ഞു. പിന്നെ രാത്രിയിൽ കേട്ടത്‌ മരണവാർത്തയാണ്‌. മരിച്ചുവീണാലും പാർടിയെ വിട്ടുകൊടുക്കില്ലെന്ന്‌ പറഞ്ഞ മനുഷ്യനാണ്‌. ഞങ്ങൾക്ക്‌ നീതി കിട്ടണം. ഒന്നിനും വകയില്ലാത്ത കുടുംബമാണ്‌. ജീവിതം ഇനിയെങ്ങനെ മുന്നോട്ടുപോകുമെന്ന്‌ അറിയില്ല–-ഐഷയുടെ വാക്കുകളിലുണ്ട്‌ താങ്ങാനാകാത്ത സങ്കടത്തിന്റെ കനലുകൾ.  "രാത്രി എട്ടേമുക്കാലോടെ ദോശ ചുട്ടുവയ്‌ക്ക്‌ ഇപ്പോൾ വരാമെന്ന്‌ പറഞ്ഞ്‌ വീട്ടിൽനിന്ന്‌ ഇറങ്ങിയതാണ്‌. പിന്നെയെന്റെ മകന്റെ ജീവനില്ലാത്ത ദേഹമാണ്‌ കാണാൻ സാധിച്ചത്'–ഉമ്മ സുലൈഖയുടെയും കണ്ണീരൊലിക്കുന്നു. "ദോശ ചുടുമ്പോഴാണ്‌ ബഹളം കേട്ടത്‌. എന്റെ മകന്റെ ചോര ഊറ്റിയെടുത്തു. ഞങ്ങൾ ഇനിയെങ്ങനെ ജീവിക്കും– ' കണ്ണീരോടെയുള്ള ചോദ്യത്തിനൊന്നും പറയാനില്ലാതെ ഉള്ളുതകർന്നിരിക്കയാണ്‌ നാട്ടുകാരും സഹപ്രവർത്തകരുമെല്ലാം. Read on deshabhimani.com

Related News