സവർക്കറെ സ്വാതന്ത്ര്യസമര സേനാനിയാക്കുന്നത്‌ ആർഎസ്‌എസുകാർ: എം വി ഗോവിന്ദൻ



തിരുവനന്തപുരം മഹാത്മാഗാന്ധിയേക്കാൾ പ്രമുഖനായ സ്വാതന്ത്ര്യസമരസേനാനി സവർക്കറാണെന്ന്‌ വരുത്താനാണ്‌ ആർഎസ്‌എസ്‌ ചരിത്രകാരന്മാർ ശ്രമിക്കുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സവർക്കറിന്‌ സ്വാതന്ത്ര്യസമര പോരാട്ടവുമായി ഒരു ബന്ധവുമില്ല. സമരത്തിന്റെ ആദ്യഘട്ടത്തിൽ ഒളിച്ചോടി, മാപ്പെഴുതി, സ്വാതന്ത്ര്യസമരത്തിന്റെ നേർ വിപരീതദിശയിൽ ആശയം ഉൽപ്പാദിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയെ കൊന്നതിൽ ഒന്നാംപ്രതി ഗോഡ്‌സെ അല്ല സവർക്കറാണെന്ന്‌ ബോബി തോമസ്‌ എഴുതിയ  ‘ഗോഡ്‌സെ ഗാന്ധിജിയെ കൊന്നത്‌ എന്തിന്‌?’ എന്ന പുസ്‌തകത്തിൽ പറയുന്നുണ്ടെന്നും എം വി ഗോവിന്ദൻ പുസ്‌തകം പ്രകാശിപ്പിച്ചുകൊണ്ട്‌ പറഞ്ഞു. ഇന്ത്യയെ രണ്ടാക്കി വിഭജിക്കാനുള്ള ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ നിലപാടിനോടൊപ്പം നിൽക്കുകയും വിഭജനത്തിൽ ഹിന്ദുമഹാസഭയുടെ ആശയരൂപീകരണത്തിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചതും സവർക്കറാണ്‌–- എം വി ഗോവിന്ദൻ പറഞ്ഞു.  സിഎംപി  ജനറൽ സെക്രട്ടറി സി പി ജോൺ പുസ്‌തകം ഏറ്റുവാങ്ങി. സ്‌റ്റേറ്റ്‌ ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി കെ മധു അധ്യക്ഷനായി. ഡോ. ജി ആർ സന്തോഷ്‌കുമാർ, ബോബി തോമസ്‌ എന്നിവരും സംസാരിച്ചു. സൈൻ ബുക്‌സാണ്‌ പ്രസാധകർ. Read on deshabhimani.com

Related News