സ്വകാര്യമേഖലയിലും സംവരണത്തിനായി പ്രക്ഷോഭം ഉയരണം: എ കെ ബാലൻ



തിരുവനന്തപുരം സ്വകാര്യമേഖലയിൽ സംവരണത്തിനായി ശക്തമായ പ്രക്ഷോഭം ഉയരണമെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. പികെഎസ്‌ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘ആഗോളീകരണ ഇന്ത്യൻ അവസ്ഥയും ദളിതർ നേരിടുന്ന പ്രശ്‌നങ്ങളും പ്രതിവിധികളും’ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമി, വിദ്യാഭ്യാസം, തൊഴിൽ എന്നീ മേഖലകളിൽ സ്ഥിതി മെച്ചപ്പെടുത്തിയാലേ സുസ്ഥിര വികസനം സാധ്യമാകൂ. വിദ്യാഭ്യാസരംഗം സ്വകാര്യമേഖലയിൽ പടർന്നുപന്തലിക്കുകയാണ്‌. ഇവിടങ്ങളിൽ വിദ്യാർഥികൾക്കും ഉദ്യോഗനിയമനത്തിനും സംവരണമില്ല. ഇത്തരം സ്ഥാപനങ്ങളിൽ സംവരണം നേടിയെടുക്കുക ശ്രമകരമാണ്‌. ഇതിനാവശ്യമായ പ്രക്ഷോഭങ്ങൾക്ക്‌ പികെഎസ്‌ നേതൃത്വം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ചാതുർവർണ്യവും അതിന്റെ ഭാഗമായ ജാതിവ്യവസ്ഥയുമാണ്‌ ദളിത്‌ ജനതയുടെ പിന്നാക്കാവസ്ഥയ്‌ക്ക്‌ കാരണം. എയ്‌ഡഡ്‌ മേഖലയിൽ 1.32 ലക്ഷം പേർ ജോലി ചെയ്യുന്നതിൽ നാമമാത്രമാണ്‌ ദളിത്‌ വിഭാഗക്കാർ. എയ്‌ഡഡ്‌ നിയമനം പിഎസ്‌സിക്കോ മറ്റേതെങ്കിലും പൊതു ഏജൻസിക്കോ വിടണം. സാമൂഹ്യനീതി കൈവരിക്കാൻ ഇതാവശ്യമാണ്‌. വിമോചനസമരം ഇല്ലായിരുന്നെങ്കിൽ നേരത്തേതന്നെ എയ്‌ഡഡ്‌ നിയമനം സർക്കാരിലേക്ക്‌ മാറുമായിരുന്നു. പട്ടികജാതി വർഗ സമൂഹത്തിന്റെ ശക്തമായ സമ്മർദങ്ങൾക്കൊപ്പം പൊതുസമൂഹത്തിന്റെ പിന്തുണയും ഇക്കാര്യത്തിൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പികെഎസ്‌ സംസ്ഥാന പ്രസിഡന്റ്‌ എസ്‌ അജയകുമാർ അധ്യക്ഷനായി. സെക്രട്ടറി കെ സോമപ്രസാദ്‌, കലിക്കറ്റ്‌ സർവകലാശാല ചരിത്രവിഭാഗം മേധാവി ഡോ. കെ എസ്‌ മാധവൻ, ബി സത്യൻ, ആറ്റുകാൽ ബി രാജു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News