യുണീക്‌ തണ്ടപ്പേർ നിലവിൽവന്നു ; ആധുനിക സാങ്കേതികവിദ്യയുടെ 
സഹായത്തോടെ സർക്കാർ സേവനങ്ങൾ 
മെച്ചപ്പെടുത്തുമെന്ന്‌ മുഖ്യമന്ത്രി



തിരുവനന്തപുരം ഒരാള്‍ക്ക് സംസ്ഥാനത്തുള്ള എല്ലാ ഭൂമിക്കും ഇനി 13 അക്കമുള്ള ഒറ്റ തണ്ടപ്പേർ. രാജ്യത്താദ്യമായി ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേർ നടപ്പാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സർക്കാർ സേവനങ്ങൾ നവീകരിക്കാനും മെച്ചപ്പെടുത്താനും നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ട്‌. ഈ ലക്ഷ്യത്തോടെ വിവിധ വകുപ്പുകളുടെ എഴുനൂറോളം സേവനങ്ങൾ ഓൺലൈനാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈലില്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് ഓൺലൈനായോ വില്ലേജ് ഓഫീസിൽ നേരിട്ടെത്തി വിരലടയാളം പതിപ്പിച്ചോ തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിക്കാം. ബന്ധപ്പെട്ട വില്ലേജ് ഓഫീസർ അത്‌ പരിശോധിച്ച് അംഗീകരിക്കുന്ന മുറയ്ക്ക് യുണീക് തണ്ടപ്പേർ ലഭിക്കും. ഈ സംവിധാനം നടപ്പാകുന്നതോടെ ഒരു ഭൂ ഉടമയ്ക്ക്‌ സംസ്ഥാനത്തെ ഏതു വില്ലേജിൽനിന്നും ഭൂമിയുടെയും അതുമായി ബന്ധപ്പെട്ട സേവനങ്ങളുടെയും വിവരങ്ങൾ ഒറ്റ തണ്ടപ്പേരില്‍ ലഭിക്കും. പരിധിയിൽ കവിഞ്ഞ ഭൂമി ഒരാളുടെ കൈവശമുണ്ടെങ്കിൽ അത്‌ സർക്കാരിന്‌ കണ്ടെത്താനുമാകും. നാലു വർഷംകൊണ്ട്‌ കേരളത്തിൽ സമ്പൂർണ ഡിജിറ്റൽ ഭൂസർവേ നടപടികൾ പൂർത്തിയാക്കുമെന്ന്‌ ചടങ്ങിൽ അധ്യക്ഷനായ റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. തിരുവനന്തപുരം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്തെ ആദ്യ യുണീക് തണ്ടപ്പേർ രസീത് മന്ത്രി ആന്റണി രാജു ഏറ്റുവാങ്ങി.  മന്ത്രി വി ശിവൻകുട്ടി, കൗൺസിലർ ജയചന്ദ്രൻ നായർ, റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ  ജയതിലക്, ലാൻഡ് റവന്യു കമീഷണർ കെ  ബിജു, കലക്ടർ ഡോ. നവ്ജ്യോത് ഖോസ, സബ്കലക്ടർ എം എസ് മാധവിക്കുട്ടി, ജില്ലാ വികസന കമീഷണർ ഡോ. വിനയ് ഗോയൽ തുടങ്ങിയവര്‍ പങ്കെടുത്തു. Read on deshabhimani.com

Related News