മഴയുടെ ശക്തി കുറഞ്ഞു ; വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത



തിരുവനന്തപുരം സംസ്ഥാനത്ത്‌  മഴയുടെ ശക്തി കുറഞ്ഞതോടെ തിങ്കളാഴ്ച അഞ്ച് ജില്ലകളിലെ റെ‍ഡ് അലെര്‍ട് (അതിത്രീവ മഴ) പിന്‍വലിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് അതിത്രീവ മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. തിരുവനന്തപുരം അഞ്ചുതെങ്ങില്‍ മീൻപിടിത്തത്തിനിടെ ഒരാൾ മരിച്ചു. പുത്തൻമണ്ണ്‌ ലക്ഷം വീട്‌ കോളനിയിൽ എ ബാബു(54)വാണ്‌ മീൻപിടിത്തത്തിനിടെ വള്ളംമറിഞ്ഞ്‌ കടലിൽ മുങ്ങിമരിച്ചത്‌. ആമയിഴഞ്ചാൻതോട്ടിൽ, ചുമട്ടുതൊഴിലാളിയായ ഈറോഡ്‌ കളത്തിൽവീട്ടിൽ സുരേഷിനെ(ഡോളി, -48) കാണാതായി.  ആലപ്പുഴയിൽ ഹരിപ്പാട്​, പത്തിയൂർ, ചെറുതന, കുട്ടംപേരൂർ എന്നിവിടങ്ങളില്‍ മട വീണ്‌ നെൽകൃഷി വ്യാപകമായി നശിച്ചു. ​ കൊയ്യാറായ നെൽച്ചെടികൾ​ പൂർണമായും വെള്ളത്തിലായി​.  മടവീഴ്ചയിലും മഴയിലും ​ 9.95 കോടിയുടെ കൃഷി നശിച്ചു. മലപ്പുറം, കോഴിക്കോട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ ചൊവ്വാഴ്‌ച അതിശക്തമായ മഴയുണ്ടാകുമെന്ന്‌ കേന്ദ്രകാലാവസ്ഥാ വകുപ്പ്‌ അറിയിച്ചു.   കേരള തീരത്തുനിന്നും മീൻപിടിത്തത്തിന്‌ പോകരുത്. ലക്ഷദ്വീപിന്‌ മുകളിലും  തമിഴ്‌നാട്‌ തീരത്തിന്‌ സമീപവുമുള്ള ചക്രവാത ചുഴികളുടെ സ്വാധീനത്തിൽ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ്‌ ശക്തമാകാൻ സാധ്യത. ഇതിനാല്‍ വരും ദിവസങ്ങളിലും മഴ ശക്തമായി തുടരും. ആൻഡമാനിൽ കാലവർഷം ആരംഭിച്ചു. മെയ്‌ പത്ത്‌ മുതൽ 16 വരെ സംസ്ഥാനത്ത്‌ 107 മില്ലിമീറ്റർ അധിക മഴ ലഭിച്ചു. 42.6 മില്ലിമീറ്റർ ലഭിക്കേണ്ടിടത്ത്‌ 149.9 മില്ലിമീറ്റർ മഴ പെയ്‌തു. Read on deshabhimani.com

Related News