‘ആദി’ കുടയൊരുക്കുന്നു ; ജീവിതം നനയാതിരിക്കാൻ ; രജത ജൂബിലി നിറവിൽ കുടുംബശ്രീ



കണ്ണൂർ ‘മഴക്കാലമെന്ന്‌ കേട്ടാൽതന്നെ ഞങ്ങക്ക്‌ സങ്കടായിരുന്നു. പണിയൊന്നുമില്ലാതെ വല്ലാണ്ട്‌ കഷ്‌ടപ്പെടുന്ന കാലമാണത്‌. തൊഴിലുറപ്പിനും വിറകുവെട്ടാനും കൃഷിപ്പണിക്കൊന്നും പോകാൻ പറ്റൂല. പക്ഷെ, ഇക്കൊല്ലം മഴവന്നാലും കുഴപ്പൂല്ല. കുറച്ച്‌ പൈസ ഉണ്ടാക്കാനുള്ള തൊഴിൽ ഞങ്ങടെ കൈയിലുണ്ട്‌’ –-ആറളം ഫാം ഒമ്പതാം ബ്ലോക്കിലെ സി കെ സിനിയുടെ വാക്കുകളിൽ തെളിയുന്നത്‌ ആത്മവിശ്വാസം. ആറളം ആദിവാസി മേഖലയിലെ കുടുംബശ്രീ യൂണിറ്റുകൾ പുറത്തിറക്കുന്ന ആദി കുടകൾ സിനിയെ പോലെ കുറേ വീട്ടമ്മമാർക്കാണ്‌ ഉപജീവനമായി മാറിയത്‌.  കഴിഞ്ഞ ജൂണിലാണ്‌ നിള, ലോട്ടസ്‌ കുടുംബശ്രീ യൂണിറ്റുകൾ കുടനിർമാണം തുടങ്ങിയത്‌. സംസ്ഥാനത്ത് പട്ടികവർഗമേഖലയിൽ കുടുംബശ്രീ തുടങ്ങുന്ന ആദ്യസംരംഭമാണിത്‌. മഴക്കാലത്ത്‌ പ്രതിസന്ധിയിലാകുന്ന  കുടുംബങ്ങൾക്ക് ഉപജീവനമാർഗം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ സ്‌പെഷ്യൽ പ്രോജക്ടിൽ ഉൾപ്പെടുത്തി. രണ്ടുഘട്ടങ്ങളിലായി 28 പേർക്ക്‌ പരിശീലനം നൽകി. കുടനിർമാണ കിറ്റ്‌ ജില്ലാ മിഷൻ നൽകി. പത്ത്‌ പേരടങ്ങുന്ന സംരംഭങ്ങൾ സിഡിഎസിൽ രജിസ്റ്റർചെയ്‌തു. നിള യൂണിറ്റിന്റെ പ്രസിഡന്റ് ശുഭ ബിനുവും സെക്രട്ടറി വി ആർ സുനിതയുമാണ്‌. ലോട്ടസ് യൂണിറ്റ്‌ പ്രസിഡന്റ് പി ഗീതയും സെക്രട്ടറി സി കെ സിനിയും. നിലവിൽ 39 പേർക്ക്‌  തൊഴിൽ നൽകുന്നുണ്ട്‌. കഴിഞ്ഞ മഴക്കാലത്ത്‌ അയ്യായിരം കുട വിപണിയിലെത്തിച്ചു. ഇത്തവണ നാലായിരമെണ്ണം ഉണ്ടാക്കി. ആയിരത്തിന്‌ ഓർഡറായി. പതിനായിരം കുട വിൽക്കുകയാണ്‌ ലക്ഷ്യം.  ഒരാൾ 13 കുട ഒരുദിവസമുണ്ടാക്കും. ഒന്നിന്‌ 70 രൂപ  വരുമാനം ലഭിക്കും. Read on deshabhimani.com

Related News