ജനകീയ ഡോക്ടറാകാൻ സഖാവ് ബിനേഷ്

ഡിവൈഎഫ്‌ഐയുടെ ഹൃദയപൂർവം പൊതിച്ചോറ് വിതരണത്തിനിടെ ബിനേഷ്‌ (ചിത്രത്തിൽ നീലചെക്ക്‌ ഷർട്ടിട്ടയാൾ)


വെഞ്ഞാറമൂട് ചുവന്ന നക്ഷത്രം പതിപ്പിച്ച വെള്ളക്കൊടിയുമായി കഴിഞ്ഞദിവസംവരെ ആശുപത്രി വരാന്തയിൽ പൊതിച്ചോർ വിതരണം ചെയ്‌ത സഖാവ് ബിനേഷ്‌ ഇനി ഡോക്ടറുടെ വെള്ളക്കുപ്പായത്തിൽ വാർഡിലുണ്ടാകും. മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പുകാർക്ക് ഡിവൈഎഫ്ഐ ഹൃദയപൂർവം പൊതിച്ചോറുകൾ വിതരണം ചെയ്യുന്നതിനിടെയാണ് കളമച്ചൽ സ്വദേശി എസ്‌ ബിനേഷിന്റെ എംബിബിഎസ് റിസൾട്ട് വന്നത്. പ്രതീക്ഷിച്ച മാർക്കോടെയുള്ള വിജയത്തെ ആഘോഷമാക്കാതെ പൊതിച്ചോർ വിതരണം ബിനേഷ് തുടർന്നു. അതോടെ ബിനേഷിന്റെ വിജയവും സമൂഹമാധ്യമങ്ങളിൽ വൈറലായി. ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകനായ ബിനേഷ് നാട്ടിലെ ഏതാവശ്യത്തിനും മുൻ‌പന്തിയിലുണ്ടാകും. കോവിഡ് കാലത്ത് സംഘടനയ്ക്കൊപ്പം ചേർന്ന്‌ മുന്നണിപ്പോരാളിയുമായി. എംബിബിഎസ് പഠനത്തിന്റെ പിരിമുറുക്കങ്ങളിലും സാധാരണക്കാർക്കൊപ്പം ചേർന്നുനിന്നായിരുന്നു പ്രവർത്തനങ്ങളെല്ലാം. വാമനപുരം കളമച്ചൽ ശാസ്തമംഗലത്ത് സുധീന്ദ്രൻ–-- ഗീത ദമ്പതികളുടെ മകനാണ്.  വട്ടപ്പാറ എസ്‌യുടി അക്കാദമി ഓഫ്‌ മെഡിക്കൽ സയൻസിലെ പഠനകാലഘട്ടത്തിൽ കോളേജ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്ന ബിനേഷ് യൂണിയൻ കൗൺസിലറുമായിരുന്നു. ഹൗസ് സർജൻസിക്കുശേഷം എംഡിക്ക് ചേരാനാണ്‌ തീരുമാനം. പഠനവും ജോലിയുമെല്ലാം സാധാരണക്കാർക്ക് വേണ്ടിയാണെന്ന ചിന്തയിലാണ്‌ തുടർപഠനമെന്നും ബിനേഷ് പറ‍ഞ്ഞു. Read on deshabhimani.com

Related News