നികുതിവിഹിതം ഔദാര്യമല്ല ; കേന്ദ്രത്തിന്റേത്‌ മേനി നടിക്കൽ



തിരുവനന്തപുരം ഭരണഘടനപ്രകാരം സംസ്ഥാനത്തിന്‌ ലഭിക്കേണ്ട കേന്ദ്ര നികുതി വിഹിതത്തിന്റെ രണ്ടുഗഡു അനുവദിച്ച ധനമന്ത്രിയുടെ അവകാശവാദം മേനി നടിക്കൽ. സാമ്പത്തികപ്രതിസന്ധിയിൽ നട്ടംതിരിയുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക്‌‌ ജിഎസ്‌ടി നഷ്ടപരിഹാരമടക്കം നിഷേധിച്ചശേഷമാണ്‌ കള്ളം പ്രചരിപ്പിക്കുന്നത്‌. നികുതിയുടെ ഏറിയപങ്കും പിരിക്കുന്നത്‌ കേന്ദ്രമാണ്‌. വിദ്യാഭ്യാസം, ആരോഗ്യം ഉൾപ്പെടെ സാമൂഹ്യമേഖലയിൽ ചെലവിന്റെ മുഖ്യഭാഗവും സംസ്ഥാനങ്ങളുടെ ബാധ്യതയും. ഈ അസന്തുലിതാവസ്ഥ ലഘൂകരിക്കാനാണ്‌ നികുതിയുടെ ഒരുഭാഗവും ഗ്രാന്റുകളും സംസ്ഥാനങ്ങൾക്കു നൽകാൻ ഭരണഘടന വ്യവസ്ഥ ചെയ്യുന്നത്‌. ഇത്‌ കേന്ദ്ര സർക്കാരിന്റെ ഔദാര്യമായി ചിത്രീകരിക്കുകയാണ്‌. കേന്ദ്ര നികുതിവിഹിതം 14 ഗഡുവായാണ്‌ നൽകുന്നത്‌. കേന്ദ്രനികുതി കുറഞ്ഞാൽ സംസ്ഥാന വിഹിതം കുറയ്‌ക്കും. കഴിഞ്ഞ മാസങ്ങളിൽ കേന്ദ്രനികുതി ഉയർന്നതാണ്‌ രണ്ടുഗഡു ഒരുമിച്ച്‌ നൽകാനുള്ള തീരുമാനത്തിനു പിന്നിൽ. പതിനാലാം ധന കമീഷൻ കേരളത്തിന്റെ നികുതി‌ വിഹിതം 3.5ൽനിന്ന്‌ 2.5 ശതമാനമാക്കി. പതിനഞ്ചാം ധന കമീഷൻ 2020–-21 ൽ‌ 1.943 ശതമാനം നിശ്ചയിച്ചു. 2021–-26ലേക്ക്‌ വിഹിതം 1.925 ശതമാനമാക്കി. പ്രതിവർഷം 13,000 കോടി രൂപയുടെ വരുമാന നഷ്ടം. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിത വളർച്ചനിരക്ക്‌ കൈവരിച്ചില്ലെങ്കിൽ നികുതി വരുമാനത്തിലെ കുറവിന്‌ ആനുപാതികമായി സംസ്ഥാന വിഹിതവും കുറയും. ജിഎസ്‌ടി സംസ്ഥാന വരുമാനത്തിൽ വലിയ വിടവ്‌ സൃഷ്ടിച്ചു. 2017 മുതൽ സംരക്ഷിത നികുതി വരുമാനത്തിൽ 23,006 കോടി രൂപ കുറഞ്ഞു. ഇതിനുള്ള നഷ്ടപരിഹാരം ലഭ്യമാക്കാമെന്ന ഉറപ്പും പാലിക്കുന്നില്ല. സെപ്‌തംബർവരെ നഷ്ടപരിഹാര കുടിശ്ശിക 5466 കോടിയാണ്‌. അടുത്ത ജൂലൈയിൽ നഷ്ടപരിഹാര പദ്ധതി അവസാനിക്കും. ഇത്‌ അഞ്ചുവർഷംകൂടി നീട്ടണമെന്ന പൊതുആവശ്യവും കേന്ദ്രം കണ്ടില്ലെന്ന്‌ നടിക്കുന്നു. Read on deshabhimani.com

Related News