വൈശാഖിന് നാടിന്റെ അന്ത്യാഭിവാദ്യം

വീരമൃത്യുവരിച്ച സെെനികൻ വൈശാഖിന്റെ മൃതദേഹത്തിൽ മന്ത്രി കെ എൻ ബാലഗോപാൽ പുഷ്പചക്രം അർപ്പിക്കുന്നു


എഴുകോൺ (കൊല്ലം) പ്രകൃതിയും നാടും ഒരുപോലെ കണ്ണീർ ചൊരിഞ്ഞ പകലിൽ കുടവട്ടൂരിന്റെ മണ്ണിൽ ധീര ജവാൻ വൈശാഖിന് നിത്യ വിശ്രമം. ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങൾക്കിടെ സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെ, ഓടനാവട്ടം കുടവട്ടൂർ ആശാൻമുക്കിലെ ‘വിശാഖം’ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം.  തിങ്കളാഴ്‌ച പുലർച്ചെയാണ്‌ ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ  മറാഠി റെജിമെന്റിലെ ജവാൻ വൈശാഖ്‌ (24) കൊല്ലപ്പെട്ടത്‌.  വ്യാഴാഴ്ച രാവിലെ ഒമ്പതിന് തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിൽനിന്ന്  മൃതദേഹം ആയൂർ കുരിശുംമൂട്ടിൽ എത്തിച്ചു. തുടർന്ന് വിലാപയാത്രയായാണ് ജന്മനാടായ കുടവട്ടൂരിൽ എത്തിച്ചത്. വിലാപയാത്ര കടന്നുവന്ന വഴികളിൽ നൂറുകണക്കിനാളുകൾ ആദരാഞ്ജലിയർപ്പിച്ചു. വൈശാഖ് പഠിച്ച കുടവട്ടൂർ എൽപി സ്‌കൂളിലും വീട്ടിലും  പൊതുദർശനത്തിനു വച്ചു. ആയിരങ്ങളാണ് ഇരു സഥലങ്ങളിലും അന്ത്യാഭിവാദ്യം  അർപ്പിക്കാൻ എത്തിയത്.  അമ്മ ബീനയുടെയും സഹോദരി ശിൽപ്പയുടെയും നിലവിളി കണ്ടുനിന്നവരുടെയും കണ്ണുനിറച്ചു.  സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രി കെ എന്‍ ബാലഗോപാല്‍ പുഷ്പചക്രം അര്‍പ്പിച്ചു.  മന്ത്രി ജെ ചിഞ്ചുറാണി, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, സുരേഷ് ഗോപി, പി എസ് സുപാല്‍ എംഎല്‍എ, മുന്‍ മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ, പി അയിഷാപോറ്റി തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. സൈനിക ഉദ്യോഗസ്ഥരായ കേണൽ സച്ചിദേവ്‌, ലെഫ്‌റ്റനന്റ്‌ കേണൽമാരായ എം കെ സനൽകുമാർ, വി ഡി ചാക്കോ, റിയാസ്‌ഖാൻ എന്നിവർ ചടങ്ങുകൾക്ക്‌ നേതൃത്വം നൽകി. Read on deshabhimani.com

Related News