മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ സ്ഥാനമേറ്റു



തിരുവല്ല മലങ്കര ഓർത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷനായ കാതോലിക്കാ ബാവയും മലങ്കര മെത്രാപോലീത്തയുമായി ബസേലിയോസ്‌ മാർത്തോമ്മാ മാത്യൂസ്‌ തൃതീയൻ സ്ഥാനമേറ്റു. സഭയുടെ 22–-ാമത്‌ മലങ്കര മെത്രാപോലീത്തയും ഒൻപതാമത് കാതോലിക്കയുമാണ്. വ്യാഴാഴ്‌ച പരുമലയിൽ നടന്ന മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസോസിയേഷൻ, എപ്പിസ്‌കോപ്പൽ സുന്നഹദോസ് നിർദേശം അംഗീകരിച്ചതോടെയാണ് വെള്ളി രാവിലെ പരുമല പള്ളിയിൽ സ്ഥാനാരോഹണം. രാവിലെ 6.30ന് ചടങ്ങ്‌ ആരംഭിച്ചു. കുർബാനയ്‌ക്കിടയിൽ കാതോലിക്കയെ വാഴിച്ചു. സ്ഥാനാരോഹണവും അംശവടി സ്വീകരിക്കലും പുതിയ നാമകരണവും പത്രിക സ്വീകരിക്കലും അടക്കമുള്ള പ്രധാന ചടങ്ങുകളിൽ സഭയിലെ എല്ലാ മെത്രാപോലീത്തമാരും പങ്കെടുത്തു. കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിലായിരുന്നു കുർബാന. ചടങ്ങിന്‌ ശേഷം സർവമത- അനുമോദനസമ്മേളനം നടന്നു. വാഴൂർ സ്വദേശി, റഷ്യയിലും റോമിലും ഉപരിപഠനം കോട്ടയം വാഴൂർ മറ്റത്തിൽ പരേതനായ അന്ത്രയോസിന്റെയും പാമ്പാടി വാലയിൽ വടക്കേകടുപ്പിൽ മറിയാമ്മയുടെയും മകനായി 1949 ഫെബ്രുവരി 12-ന് ജനിച്ചു. എം എ മത്തായി എന്നായിരുന്നു പേര്‌. വാഴൂർ സെന്റ്‌ പീറ്റേഴ്‌സ്‌ എൽപിഎസ്‌, സെന്റ്‌ പോൾസ്‌ യുപിഎസ്‌, എസ്‌വിആർവി എച്ച്‌എസ്‌, എൻഎസ്‌എസ്‌ കോളേജ്‌, കോട്ടയം സിഎംഎസ്‌ കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പിന്നീട്‌ കോട്ടയം പഴയ സെമിനാരിയിൽ വൈദിക വിദ്യാർഥിയായി. സോവിയറ്റ്‌ കമ്യൂണിസ്‌റ്റ്‌ പാർടി ‘ലെനിൻ പ്രൈസ്‌ ’ നൽകി ആദരിച്ച ഡോ. പൗലോസ്‌ മാർ ഗ്രിഗോറിയോസ്‌ മെത്രാപോലീത്തായുടെ പ്രിയ ശിഷ്യനായിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച്‌ റഷ്യയിലെ ലെനിൻഗ്രാഡ്‌ തിയോളജിക്കൽ അക്കാദമിയിൽ ചേർന്ന്‌ ബിരുദാനന്തര ബിരുദമെടുത്തു. റോമിലെ ഓറിയന്റൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്ന്‌ പിഎച്ച്‌ഡിയും നേടി. പഴയ സെമിനാരിയിൽ പ്രൊഫസറായി സേവനമനുഷ്‌ഠിക്കവേ മെത്രാൻ സ്ഥാനലബ്ധി. മലബാർ, ഇടുക്കി ഭദ്രാസനങ്ങളുടെ അധിക ചുമതല വഹിച്ചിട്ടുണ്ട്‌. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനായിരിക്കെയാണ്‌ ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപോലീത്ത കാതോലിക്കയായി വാഴിച്ചത്‌.   Read on deshabhimani.com

Related News