പുനർഗേഹം പദ്ധതി : 15 വീടുകൾ ഇന്ന്‌ കൈമാറും



കൊച്ചി സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന പുനർഗേഹം പദ്ധതിയിൽ പൂർത്തിയായ വീടുകൾ വ്യാഴാഴ്‌ച കൈമാറും. വൈകിട്ട്‌ നാലിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ്‌ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. ഞാറക്കൽ മാഞ്ഞൂരാൻ ഹാളിൽ ജില്ലാ പരിപാടിയിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും. 10 വീടുകളുടെ താക്കോൽ മന്ത്രി പി രാജീവ് കൈമാറും. കൊച്ചി മണ്ഡലത്തിൽ കെ ജെ മാക്സി എംഎൽഎ അഞ്ച്‌ വീടുകളുടെ താക്കോൽ നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള 1398 കോടി രൂപയും സംസ്ഥാന സർക്കാർ വിഹിതമായ 1052 കോടി രൂപയും ഉൾപ്പെടെ 2450 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിന് 10 ലക്ഷം രൂപയാണ് ധനസഹായം. വൈപ്പിൻ, കൊച്ചി മണ്ഡലങ്ങളിലായി 15 വീടുകളുടെ നിർമാണമാണ് പൂർത്തിയാക്കിയത്. വൈപ്പിനിൽ 10 വീടും കൊച്ചിയിൽ അഞ്ച്‌ വീടുമാണ് നിർമിച്ചത്. Read on deshabhimani.com

Related News