മധുരിക്കും ഇനി വടക്കേക്കര



കൊച്ചി വടക്കേക്കര പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ഇനി മധുരക്കിഴങ്ങ് വിളയും. തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം (സിടിസിആര്‍ഐ) നടപ്പാക്കുന്ന മധുരഗ്രാമം പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്തിലെ പതിനായിരത്തോളം വീടുകളില്‍ മധുരക്കിഴങ്ങ് കൃഷി ആരംഭിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും മധുരക്കിഴങ്ങ് കൃഷി ചെയ്യുന്ന പദ്ധതി സിടിസിആര്‍ഐ നടപ്പാക്കുന്നത്. സുഭിക്ഷ കേരളം പദ്ധതിപ്രകാരം ഭക്ഷ്യ ഉല്‍പ്പാദനത്തില്‍ വര്‍ധനയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണിത് നടപ്പാക്കുന്നത്. കൃഷിക്കാവശ്യമായ വസ്തുക്കളെല്ലാം സിടിസിആര്‍ഐയുടെ തൈ ഉല്‍പ്പാദക യൂണിറ്റില്‍ തയ്യാറാണ്. പരമ്പരാഗതമായി നാട്ടില്‍ കൃഷി ചെയ്തുവരുന്ന മധുരക്കിഴങ്ങ് ഇനങ്ങള്‍ക്കു പുറമേ സിടിസിആര്‍ഐ വികസിപ്പിച്ചെടുത്ത അത്യുല്‍പ്പാദനശേഷിയും രോഗപ്രതിരോധശേഷിയുമുള്ള മധുരക്കിഴങ്ങിനങ്ങളും വടക്കേക്കരക്കാര്‍ക്ക് സൗജന്യമായി വിതരണം ചെയ്യും. 17 മുതല്‍ മധുരക്കിഴങ്ങ് വള്ളികള്‍ (തലകള്‍) വടക്കേക്കര കൃഷിഭവന്‍ വഴി, പഞ്ചായത്തിലെ 20 വാര്‍ഡുകളിലും വിതരണം ചെയ്യും. മൂന്ന് മാസത്തിനുള്ളില്‍ വടക്കേക്കര പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും മധുരക്കിഴങ്ങ് വിളയിച്ചെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സിടിസിആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ജി ബൈജു അറിയിച്ചു. Read on deshabhimani.com

Related News