എല്ലാം ചീറ്റി ; യുഡിഎഫ്‌ ബിജെപി ആരോപണം തള്ളി കേന്ദ്രം , ജലീലിന്‌ ഇഡിയുടെ ക്ലീൻ ചിറ്റ്‌



ന്യൂഡൽഹി സ്വർണക്കടത്ത്‌ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‌ പങ്കുണ്ടെന്ന യുഡിഎഫ്‌–- ബിജെപി ആരോപണം തള്ളി ആഭ്യന്തരമന്ത്രാലയം. പാർലമെന്റിൽ യുഡിഎഫ്‌ എംപിമാരായ അടൂർ പ്രകാശ്‌, കെ സുധാകരൻ, ബെന്നി ബെഹ്‌നാൻ, എൻ കെ പ്രേമചന്ദ്രൻ എന്നിവരാണ്‌ സംസ്ഥാന സർക്കാരിനെ കുരുക്കാനുള്ള ആസൂത്രിത ചോദ്യം ചോദിച്ചത്‌. എന്നാൽ, മറുപടിയിൽ ഇവരുടെ ആരോപണം ആഭ്യന്തരസഹമന്ത്രി കിഷൻ റെഡ്ഡി കൈയോടെ തള്ളി. സ്വർണക്കടത്ത്‌ കേസിന്റെ വിശദാംശങ്ങൾ എന്താണ്‌, ഇതിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെയും പങ്ക്‌ എത്രത്തോളം, ഇതിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ എന്തൊക്കെ‌യാണ്‌ എന്നീ ചോദ്യങ്ങളാണ്‌  ചോദിച്ചത്‌. മറുപടിയിൽ എൻഐഎ അന്വേഷണം തുടരുന്നതടക്കമുള്ള കാര്യങ്ങൾ വിശദമായി പറഞ്ഞെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിന്‌ പങ്കുണ്ടെന്ന ആരോപണം പരാമർശിച്ചതുപോലുമില്ല. ജലീലിന്‌ ഇഡിയുടെ ക്ലീൻ ചിറ്റ്‌ മന്ത്രി കെ ടി ജലീലിന്റെ മൊഴികൾ തൃപ്‌തികരമാണെന്നും ഇനി മൊഴിയെടുക്കേണ്ട ആവശ്യമില്ലെന്നും എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ വിലയിരുത്തൽ. യുഎഇ കോൺസുലേറ്റിൽനിന്ന്‌ എത്തിച്ച ഖുർആൻ വിതരണത്തെയും മന്ത്രിയുടെ സ്വത്തിനെയും കുറിച്ച്‌‌ അന്വേഷിക്കണമെന്ന പരാതിയിലാണ്‌  മൊഴിയെടുത്തത്‌‌‌. രണ്ടിലും മന്ത്രി നൽകിയ മൊഴിയും ഇഡിയുടെ പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളും തമ്മിൽ പൊരുത്തക്കേടില്ലാത്തതിനാൽ വീണ്ടും മൊഴിയെടുക്കേണ്ടതില്ല എന്ന്‌ ഉദ്യോഗസ്ഥർ. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സ്വർണക്കടത്തിൽ ബന്ധമുണ്ടെന്ന്‌ പറഞ്ഞിട്ടില്ല മന്ത്രി കെ ടി ജലീലിന്‌ സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന്‌ യുഡിഎഫോ താനോ പറഞ്ഞിട്ടില്ലെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല. പ്രോട്ടോകോൾ ലംഘനം നടന്നിട്ടുണ്ടോയെന്നാണ്‌ അറിയേണ്ടതെന്നും ജലീലിന്റെ വസ്തുവകകളെപ്പറ്റി തങ്ങൾക്ക്‌ ഒരു ആരോപണവുമില്ലെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. എംബസികളിൽനിന്ന്‌ ഇത്തരം സഹായങ്ങൾ സ്വീകരിക്കാനാകുമോ, കോൺസുലേറ്റുമായി നേരിട്ട്‌ ബന്ധപ്പെടാമോ തുടങ്ങിയവയിലാണ്‌ സംശയം. മന്ത്രി പറയുന്നതല്ലാതെ ഇന്നുവരെ അതിലെന്താണെന്ന് ആർക്കും അറിയില്ല. അല്ലെങ്കിൽ ഇഡിയുടെ വക്താവ് പറയട്ടെയെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്‌ ചെന്നിത്തല പ്രതികരിച്ചു Read on deshabhimani.com

Related News