ഭയം വേണ്ട; ഒപ്പമുണ്ട്‌, രോഗം ഭേദമായവരും



തിരുവനന്തപുരം > കോവിഡ്‌ ബാധിതരുടെ മാനസിക സമ്മർദമകറ്റാനും ആശയക്കുഴപ്പം ഒഴിവാക്കാനും രോഗം ഭേദമായവരെത്തും. ഇതിനായി ജില്ലകളിൽ കോവിഡ്‌ മുക്തരായവരുടെ ശൃംഖല രൂപീകരിക്കും. രോഗമുക്തി നേടിയ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിലാകും ശൃംഖല. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ മുന്നോട്ടുവച്ച നിർദേശം സംസ്ഥാന സർക്കാർ അംഗീകരിച്ചു. കൊല്ലത്ത്‌ ഈ മാതൃകയിലുള്ള പ്രവർത്തനം തുടങ്ങി. രോഗലക്ഷണങ്ങളോടെ ഐസൊലേഷൻ വാർഡിൽ കഴിയുന്നവരും രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലുള്ളവരും വലിയ മാനസിക സമ്മർദം അനുഭവിക്കുന്നുണ്ട്‌. ഇത്‌ പരിഹരിക്കാൻ അതാത്‌ ആശുപത്രികളിൽ രോഗികളുടെ ആവശ്യാനുസരണം കൗൺസലിങ്‌ സേവനം ലഭ്യമാക്കുന്നുണ്ട്‌. തങ്ങളുടെ അതേ സാഹചര്യം താണ്ടിയവരുമായി സംവദിക്കുന്നത്‌ രോഗികളുടെ മാനസിക സംഘർഷം ലഘൂകരിക്കും. മരുന്നില്ലാത്ത രോഗം എന്നതിനാൽ നൽകുന്ന ചികിത്സയെയും രോഗികൾ സംശയത്തോടെ വീക്ഷിക്കാറുണ്ട്‌. ചികിത്സ, മരുന്ന്‌, രോഗം ഭേദമായിക്കഴിഞ്ഞുള്ള ദിനചര്യ എന്നിവയെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാനും ചികിത്സയിലുള്ളവർക്ക്‌ ആത്മവിശ്വാസം പകരാനും രോഗം ഭേദമായവർക്ക്‌ കഴിയും. സമ്പർക്ക വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സമൂഹത്തിൽ ബോധവൽക്കരണം ശക്തമാക്കാനും ഇവരുടെ സേവനം പ്രയോജനപ്പെടുത്തും.  ആരോഗ്യവാൻമാരായവർ തങ്ങൾക്ക്‌ രോഗം വരില്ലെന്ന മിഥ്യാധാരണയിൽ അലംഭാവം കാണിക്കുന്നുണ്ട്‌. ഇതേ രീതിയിൽ രോഗം പിടിപെട്ടവരുടെ അനുഭവം ചെറു വീഡിയോ ആയോ ശബ്ദസന്ദേശമായോ പ്രചരിപ്പിക്കുന്നത്‌ ജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കും. ഇതിനായി രോഗമുക്തരായവർക്ക് ഇമ്യൂണിറ്റി സർട്ടിഫിക്കറ്റ്‌ നൽകണമെന്ന നിർദേശവും സർക്കാർ പരിഗണിക്കുന്നു. Read on deshabhimani.com

Related News