സിൽവർ ലൈനിൽ കള്ളങ്ങൾ ആവർത്തിച്ച്‌ മാധ്യമങ്ങൾ



തിരുവനന്തപുരം> സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച്‌ സർക്കാർ നിലപാട്‌ മാറ്റി എന്നാവർത്തിക്കുന്ന മാധ്യമങ്ങൾ വളച്ചൊടിക്കുന്നത്‌ വസ്‌തുതകളെ. തൃക്കാക്കര തെരഞ്ഞെടുപ്പിനുശേഷം സിൽവർ ലൈൻ നടപ്പാക്കുമെന്ന നിലപാടിൽനിന്ന്‌ സർക്കാർ പിന്നോട്ടു പോയെന്നാണ്‌ പ്രചാരണം.  ‘കേന്ദ്രാനുമതി കിട്ടിയാലേ സിൽവർ ലൈൻ നടപ്പാക്കാൻ കഴിയൂ’ എന്ന്‌ മുഖ്യമന്ത്രി പറഞ്ഞു എന്നതാണ്‌ കാരണമായി ഇവർ ചൂണ്ടിക്കാട്ടുന്നത്‌. കേന്ദ്രാനുമതി ലഭിക്കാതെ പദ്ധതി നടപ്പാക്കാനാകുമെന്ന്‌ ആരും ഇതുവരെ പറഞ്ഞിട്ടില്ല. അനുമതി ലഭിച്ചാൽ നടപ്പാക്കുമെന്നാണ്‌ സർക്കാർ ആവർത്തിക്കുന്നത്‌. റെയിൽവേയുടെ ഏത്‌ പദ്ധതി നടപ്പാക്കാനും കേന്ദ്രാനുമതി വേണം. സിൽവർ ലൈൻ കേന്ദ്ര–-കേരള സംയുക്ത സംരംഭമായ കെ–- റെയിലിനും അന്തിമ അനുമതി നൽകേണ്ടത്‌ കേന്ദ്രംതന്നെയാണ്‌. കെ–- റെയിൽ വിശദ പദ്ധതിരേഖ റെയിൽ ബോർഡിന്‌ സമർപ്പിച്ചിരുന്നു. അതിന്മേലുള്ള സംശയങ്ങൾക്ക്‌ മറുപടിയും വിശദീകരണങ്ങളും നൽകി. പദ്ധതിയോട്‌ ആദ്യം അനുകൂല നിലപാടാണ്‌ കേന്ദ്രം സ്വീകരിച്ചത്‌. പദ്ധതിക്ക്‌ തത്വത്തിൽ അനുമതി നൽകുകയും വായ്പാനടപടികളുമായി മുന്നോട്ടു പോകാനും നിർദേശിച്ചു. അന്തിമ അനുമതി നേടാനായി മുഖ്യമന്ത്രിതന്നെ പ്രധാനമന്ത്രിയെ കണ്ടു. കെ–- റെയിൽ എംഡി ഇതേ ആവശ്യത്തിനായി നിരവധി തവണ റെയിൽവേയെയും സമീപിച്ചു. ബിജെപി അടക്കം പ്രതിപക്ഷം സമരവുമായി മുന്നോട്ടു പോകുന്നതിനാൽ ഇപ്പോൾ കേന്ദ്രം ശങ്കിച്ചുനിൽക്കുകയാണ്‌. ബിജെപി അനുകൂല സംസ്ഥാനങ്ങൾക്ക്‌ നിബന്ധനകൾ നോക്കാതെ പദ്ധതികൾ അനുവദിക്കുമ്പോൾ സിൽവർ ലൈൻ താമസിപ്പിക്കുന്നത്‌ കേന്ദ്ര സർക്കാരാണ്‌. ഈ സാഹചര്യം ഓർമിപ്പിക്കുകയാണ്‌ മുഖ്യമന്ത്രി ചെയ്തത്‌. Read on deshabhimani.com

Related News