ബ്രഹ്‌മപുരം തീപിടിത്തം : നാസയുടെ ദൃശ്യങ്ങൾക്ക്‌ പൊലീസ്‌ കാലാവസ്ഥാവകുപ്പിനെ സമീപിക്കും



കൊച്ചി- ബ്രഹ്മപുരം തീപിടിത്തത്തിൽ കൂടുതൽ വ്യക്തത വരുത്താൻ നാസയിൽനിന്നുള്ള ദൃശ്യങ്ങൾക്കായി സിറ്റി പൊലീസ്‌ കേന്ദ്ര കാലാവസ്ഥാവകുപ്പിനെ സമീപിക്കും. നാസയുടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ എർത്ത്‌ ഒബ്‌സർവേറ്ററി സംവിധാനത്തിൽനിന്നുള്ള ഉപഗ്രഹദൃശ്യങ്ങൾ ശേഖരിക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്. ഇതിന്‌ വരുംദിവസങ്ങളിൽ കാലാവസ്ഥാവകുപ്പുമായി ബന്ധപ്പെടുമെന്ന്‌ കൊച്ചി സിറ്റി പൊലീസ്‌ കമീഷണർ കെ സേതുരാമൻ പറഞ്ഞു. തീപിടിത്തം ആദ്യമുണ്ടായത്‌ ബ്രഹ്മപുരം പ്ലാന്റിലെ സെക്ടർ ഒന്നിലാണെന്നാണ് സിസിടിവി ദൃശ്യങ്ങൾ നൽകുന്ന സൂചന. ഒരേസമയം ഒന്നിലധികം ഇടങ്ങളിൽ തീപടർന്നിട്ടുണ്ടെങ്കിൽ അട്ടിമറിസാധ്യയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കൂടുതൽ വ്യക്തത വരുത്താനാണ്‌ നാസയുടെ സഹായം തേടുന്നത്‌. മാലിന്യസംസ്‌കരണ കേന്ദ്രത്തിന്‌ തീപിടിച്ച സമയത്തിന്‌ തൊട്ടുമുമ്പും ശേഷവുമുള്ള ദൃശ്യങ്ങൾ ലഭിച്ചാൽ അട്ടിമറിസാധ്യതയുണ്ടെങ്കിൽ അതുൾപ്പെടെയുള്ള കാര്യങ്ങൾ വിശകലനം ചെയ്യാൻ സാധിക്കും. തീപിടിത്തത്തിൽ ദുരൂഹതയുണ്ടോ എന്നതിൽ അന്വേഷണം തുടരുകയാണ്. ഫോറൻസിക് പരിശോധനാഫലം കിട്ടാൻ വൈകുമെന്നാണ് സൂചന. പ്ലാന്റിൽ  ആറ് സിസിടിവി ക്യാമറകളാണുള്ളത്. ഇവയിൽനിന്ന് ലഭിച്ച ദൃശ്യങ്ങളുടെ പ്രാഥമിക പരിശോധനയിലാണ് സെക്ടർ ഒന്നിലാണ്‌ ആദ്യം തീപിടിച്ചതെന്ന് കണ്ടെത്തിയത്‌. എന്നാൽ, തീപിടിത്തമുണ്ടായ ഭാഗത്തെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടില്ല. രണ്ടിന്‌ പകൽ 3.58-നാണ്‌ ആദ്യം തീ കണ്ടതെന്നാണ്‌ പൊലീസിന് ലഭിച്ച വിവരം. ഇതിനുമുമ്പുള്ള ദൃശ്യങ്ങൾ ലഭ്യമാക്കാന്‍ നാസയുടെ സഹായം തേടും. കേസിൽ പ്ലാന്റിലെ തൊഴിലാളികൾ, ജീവനക്കാർ എന്നിവരുൾപ്പെടെ അമ്പതിലധികം പേരുടെ മൊഴിയെടുത്തു. Read on deshabhimani.com

Related News