സിഐടിയു പതിനേഴാം അഖിലേന്ത്യ സമ്മേളനം ; നാളെ കൊടി 
 ഉയരും



ബംഗളൂരു ഇന്ത്യൻ തൊഴിലാളിവർഗ പോരാട്ടത്തിന്റെ നെടുംതൂണായ സിഐടിയുവിന്റെ പതിനേഴാം അഖിലേന്ത്യ സമ്മേളനത്തിന്‌ ബുധനാഴ്ച ബംഗളൂരുവിൽ തുടക്കമാകും. ഗായത്രിവിഹാർ പാലസ്‌ഗ്രൗണ്ടിലെ ശ്യാമൾ ചക്രവർത്തി നഗറിലാണ്‌ അഞ്ചുദിവസം നീളുന്ന സമ്മേളനം. ബുധൻ രാവിലെ ഒമ്പതിന്‌ സാംസ്‌കാരിക പരിപാടിയോടെ സമ്മേളനം ആരംഭിക്കും. 
      കെജിഎഫ്‌ സ്വർണഖനികളിലെ നീതിനിഷേധത്തിനെതിരെ പൊരുതിവീണ രക്തസാക്ഷികളുടെ സ്മൃതികുടീരങ്ങളിൽനിന്നുള്ള ജ്യോതി സമ്മേളന നഗറിൽ തെളിക്കും. ചുവപ്പുസേനാംഗങ്ങളുടെ ഗാർഡ്‌ ഓഫ്‌ ഓണറിനുശേഷം രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. രാവിലെ പത്തിന്‌ സിഐടിയു അഖിലേന്ത്യ പ്രസിഡന്റ്‌ ഡോ. കെ ഹേമലത സമ്മേളന നഗറിൽ പതാക ഉയർത്തും. തുടർന്ന്‌, രഞ്ജന നിരുല–രഘുനാഥ്‌സിങ്‌ മഞ്ചിൽ ചേരുന്ന പ്രതിനിധി സമ്മേളനത്തിന്റെ ഉദ്‌ഘാടന സെഷനിൽ സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ ആമുഖ പ്രഭാഷണം നടത്തും. വേൾഡ്‌ ഫെഡറേഷൻ ഓഫ്‌ ട്രേഡ്‌ യൂണിയൻസ്‌ ജനറൽ സെക്രട്ടറി പാംബിസ്‌ കിരിറ്റ്‌സിസും കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ നേതാക്കളും സമ്മേളനത്തെ അഭിവാദ്യംചെയ്യും. സംഘാടക സമിതി പ്രസിഡന്റ്‌ കെ സുബ്ബറാവു സ്വാഗതവും ജനറൽ സെക്രട്ടറി എം എസ്‌ മീനാക്ഷി സുന്ദരം നന്ദിയും പറയും. വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌ 1500 പ്രതിനിധികൾ അഖിലേന്ത്യ സമ്മേളനത്തിൽ പങ്കെടുക്കും. കർഷക– കർഷകത്തൊഴിലാളി സംഘടനകളുടെ നേതാക്കളും പങ്കെടുക്കും. മോദി സർക്കാരിന്റെ നവലിബറൽ നയത്തിനും ജനവിരുദ്ധ സമീപനത്തിനും ഇരകളായ തൊഴിലാളികൾ നേരിടുന്ന പ്രശ്‌നം ചർച്ചചെയ്യുന്ന സമ്മേളനം ട്രേഡ്‌ യൂണിയൻ ഐക്യം ശക്തിപ്പെടുത്താനുള്ള തീരുമാനവും കൈക്കൊള്ളും. 22ന്‌ നാഷണൽ കോളേജ്‌ ഗ്രൗണ്ടിൽ പൊതുസമ്മേളനത്തോടെ സമാപിക്കും. Read on deshabhimani.com

Related News