തരൂരിനെ ഒതുക്കാൻ മുക്കൂട്ട്‌ മുന്നണി ; എ ഗ്രൂപ്പിലെ ഒരുവിഭാഗം ഒഴികെയുള്ളവർ
 വൈര്യംമറന്ന്‌ ഒന്നിക്കുന്നു



തിരുവനന്തപുരം ശശി തരൂരിനെ ഒതുക്കാൻ ഗ്രൂപ്പിന്‌ അതീതമായി ഒറ്റക്കെട്ടായി നിൽക്കണമെന്ന്‌ കെപിസിസി നേതാക്കളിൽ ധാരണ. എ ഗ്രൂപ്പിലെ ഒരുവിഭാഗം ഒഴികെയുള്ളവരാണ്‌ വൈര്യംമറന്ന്‌ ഒന്നിക്കാൻ തീരുമാനിച്ചത്‌. കെ മുരളീധരന്റെ തരൂരിനെതിരായ പ്രത്യക്ഷ നിലപാട്‌ ഇതിന്റെ ഭാഗമാണ്‌. ഫെബ്രുവരിയിൽ ചേരുന്ന എഐസിസി സമ്മേളനത്തിൽ കോൺഗ്രസ്‌ വർക്കിങ് കമ്മിറ്റിയിലേക്ക്‌ 12 നാമനിർദേശം ഉണ്ടാകും. നിലവിൽ  കേരളത്തിൽനിന്ന്‌ എ കെ ആന്റണി, ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ എന്നിവരാണ്‌ ഉള്ളത്‌. ആന്റണിയും ഉമ്മൻചാണ്ടിയും ഒഴിയുമെന്നാണ്‌ പലരും കണക്കുകൂട്ടുന്നത്‌. അങ്ങനെയെങ്കിൽ കമ്മിറ്റിയിൽ എത്താൻ മുൻനിരയിലുള്ളത്‌ രമേശ്‌ ചെന്നിത്തലയാണ്‌. എന്നാൽ, വിമതസ്വരം ഒഴിവാക്കാൻ തരൂരിനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തുമോ എന്ന ഭയത്തിലാണ്‌ ചെന്നിത്തല. എസ്‌എൻഡിപി ഒഴികെയുള്ള സമുദായ നേതൃത്വങ്ങളുടെയും മുസ്ലിംലീഗിന്റെയും ചായ്‌വ്‌ നേടാനുള്ള തരൂരിന്റെ ശ്രമവും നേതാക്കളിൽ വലിയ പ്രകോപനമുണ്ടാക്കിയിട്ടുണ്ട്‌. 
    തരൂരിനൊപ്പമുള്ള എ ഗ്രൂപ്പിലെ രണ്ട്‌ പ്രമുഖ നേതാക്കൾ ഉമ്മൻചാണ്ടിയുടെ കുടുംബവും തങ്ങൾക്കൊപ്പമാണെന്ന്‌ ഗ്രൂപ്പിനുള്ളിൽ പ്രചരിപ്പിച്ചത്‌ എം എം ഹസ്സൻ അടക്കമുള്ളവരെ ചൊടിപ്പിച്ചിരുന്നു. തെക്ക്‌ തമ്പാനൂർ രവിയും വടക്ക്‌ എം കെ രാഘവനുമാണ്‌ തരൂരിന്റെ മാനേജർമാരായി ഉള്ളത്‌. കോൺഗ്രസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ തരൂർ നേടിയ 1072 വോട്ടിൽ  ഭൂരിപക്ഷവും ഇവരുടെ ഇടപെടലിലാണ്‌. ഗ്രൂപ്പ്‌ അംബാസഡർമാരായി അറിയപ്പെടുന്ന കെ സി ജോസഫും ബെന്നി ബഹനാനുമൊക്കെ അമർഷമുണ്ടെങ്കിലും പരസ്യമായി പ്രകടിപ്പിക്കാത്തത്‌ കുടുംബ പേടിയിലാണെന്നാണ്‌ സംസാരം. തിങ്കളാഴ്‌ച കോഴിക്കോട്ട്‌ മാധ്യമങ്ങളോടു സംസാരിച്ച വി ഡി സതീശൻ രാഷ്‌ട്രീയ പ്രശ്‌നങ്ങളിൽ പ്രതികരിക്കാൻ തയ്യാറായിട്ടുമില്ല.   Read on deshabhimani.com

Related News