വോട്ട്‌ കച്ചവടം : ബിജെപി മണ്ഡലം കമ്മിറ്റി യോഗത്തിൽ വാക്കേറ്റവും ൈകയാങ്കളിയും



മുളന്തുരുത്തി പഞ്ചായത്ത് തെരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന ബിജെപി പിറവം നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ വാക്കേറ്റവും കൈയാങ്കളിയും. പിറവം കെഎസ്ആർടിസി ജങ്‌ഷന് സമീപമുള്ള ഓഫീസിനുള്ളിലാണ് സംഭവം. പല പഞ്ചായത്ത് വാർഡുകളിലും ബിജെപി സ്ഥാനാർഥികൾ തോൽക്കാൻ കാരണം ബിജെപി മണ്ഡലം  നേതൃത്വത്തിന്റെ വോട്ട് കച്ചവടമാണെന്ന് ആരോപിച്ച് സെക്രട്ടറി സൈലേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കമ്മിറ്റിയിൽ ബഹളം സൃഷ്ടിച്ചത്. മണ്ഡലം പ്രസിഡന്റ്‌ പ്രഭ പ്രശാന്തിനെ  കൈയേറ്റംചെയ്ത  പ്രവർത്തകർ  പ്രസിഡന്റിനുനേരെ  കസേരകൾ എടുത്തെറിഞ്ഞു. ബിജെപിയിലെ ഗ്രൂപ്പുകളി മറനീക്കുന്ന സംഭവങ്ങളാണ് യോഗത്തിൽ ഉണ്ടായത്. മണ്ഡലം ഭാരവാഹികളായ 12ൽ താഴെ പ്രവർത്തകരാണ് യോഗത്തിൽ പങ്കെടുത്തത്. പിറവത്തുകാരനായ ബിജെപി ജില്ലാ സെക്രട്ടറി എം എൻ മധു യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഇതിനിടെ, ചോറ്റാനിക്കര, കൂത്താട്ടുകുളം, ഇലഞ്ഞി പഞ്ചായത്ത്‌ കമ്മിറ്റികൾ ജില്ലാ പ്രസിഡന്റ്‌ പിരിച്ചുവിട്ടതും പ്രകോപനത്തിനു കാരണമായി. ജില്ലാ പഞ്ചായത്ത് ഉദയംപേരൂർ ഡിവിഷനിൽ ബിജെപി സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. യുഡിഎഫിന് വോട്ട് മറിച്ചുവിൽക്കുന്നതിന് മണ്ഡലം ഭാരവാഹികൾ  നടത്തിയ രഹസ്യ ഇടപാടാണ് ഇതിനുപിന്നിലെന്നാണ് ആരോപണം. പിറവം മണ്ഡലത്തിലെ എടയ്ക്കാട്ടുവയൽ, ആമ്പല്ലൂർ പഞ്ചായത്തുകളും തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ ഉദയംപേരൂർ പഞ്ചായത്തും ഉൾപ്പെടുന്നതാണ് ഉദയംപേരൂർ ഡിവിഷൻ. പട്ടികജാതി വനിതാ സംവരണ ഡിവിഷനിൽ തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി സ്ഥാനാർഥിയെ കണ്ടെത്താനായിരുന്നു തീരുമാനം. എന്നാൽ,  രഹസ്യധാരണപ്രകാരം ഭാരവാഹികൾ അവസാനദിവസം സ്ഥാനാർഥിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അറിയിക്കുകയായിരുന്നു. ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ച് നൽകിയെങ്കിലും എൽഡിഎഫ് സ്ഥാനാർഥി അനിത ഡിവിഷനിൽ മികച്ച വിജയം നേടി. ഇതോടൊപ്പം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ പെരുമ്പിള്ളി ഡിവിഷനിൽ ബിജെപി വോട്ടുകച്ചവടം നടത്തിയതായി ആരോപണം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആയിരത്തിലധികം വോട്ട് നേടിയ  ഡിവിഷനിൽ മുന്നൂറിൽ താഴെ വോട്ടുകളാണ് ബിജെപിക്ക്‌ നേടാനായത്. വോട്ട് കച്ചവടം നടത്തിയ മണ്ഡലം ഭാരവാഹികൾക്കെതിരെ വ്യാപക പരാതി ഉയർന്നിട്ടും നടപടിയെടുക്കാതെ പഞ്ചായത്ത് കമ്മിറ്റികൾ പിരിച്ചുവിടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രവർത്തകർ പറയുന്നു. കഴിഞ്ഞതവണ മണ്ഡലത്തിൽ അഞ്ച് സീറ്റുകൾ ലഭിച്ചിരുന്നിടത്ത്‌ ഇത്തവണ മൂന്നായി ചുരുങ്ങി. പ്രസിഡന്റ്‌ പ്രഭ പ്രശാന്തിന്റെ പിറവത്തെ വാർഡിൽനിന്ന്‌ കഴിഞ്ഞതവണ ബിജെപി സ്ഥാനാർഥി ജയിച്ചതാണ്. ഇത്തവണ തോറ്റു. ഇങ്ങനെ ഓരോന്നും ചൂണ്ടിക്കാട്ടിയാണ് കൈയേറ്റവും  ബഹളവുമുണ്ടായത്‌. ഗ്രൂപ്പുതർക്കം രൂക്ഷമായ ചോറ്റാനിക്കര പഞ്ചായത്തിൽ ആറാം വാർഡിലെ സ്ഥാനാർഥി ആയിരുന്ന മനോഹരന്റെ കൈ ഹിന്ദു ഐക്യവേദി നേതാവ് കഴിഞ്ഞദിവസം തല്ലിയൊടിച്ചിരുന്നു. Read on deshabhimani.com

Related News