ഓപ്പറേഷൻ കമല : തുഷാറിന്റെ സഹായിയായ ഡോക്ടർ 
യുപിയിലെന്ന്‌ സൂചന



കൊല്ലം/കൊച്ചി     തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ആസൂത്രണം ചെയ്‌ത ‘ഓപ്പറേഷൻ കമല'യിലെ പ്രധാനികളിൽ ഒരാളെന്ന്‌ തെലങ്കാന പൊലീസ്‌ സംശയിക്കുന്ന ഡോക്ടർ ഉത്തർപ്രദേശിലേക്ക്‌ കടന്നതായി അഭ്യൂഹം. എറണാകുളത്തെ വൻകിട സ്വകാര്യ ആശുപത്രി അഡ്‌മിനിസ്‌ട്രേഷൻ ചീഫ്‌ കൂടിയായ ഡോക്ടറുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും തെലങ്കാനയിൽനിന്നുള്ള പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു.  ആശുപത്രിയുമായി ബന്ധപ്പെട്ട കൊല്ലത്തെ മഠത്തിലും സംഘം തിങ്കൾ രാത്രി പരിശോധനയ്ക്കെത്തി. ചൊവ്വ പുലർച്ചെയാണ്‌ തെലങ്കാന പൊലീസ്‌ അവിടെനിന്ന്‌ മടങ്ങിയത്‌. അതിനിടെ സ്വകാര്യ മാനേജ്‌മെന്റ്‌ അടുത്തിടെ യുപിയിൽ ആരംഭിച്ച  ആശുപത്രിയിലേക്ക്‌ ഡോക്ടർ കടന്നെന്നാണ്‌ സംശയം. തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിക്കുവേണ്ടി ഇടപെട്ടത്‌ ബിഡിജെഎസ് നേതാവും എൻഡിഎ കേരള കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിയാണെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ആരോപിച്ചിരുന്നു. തുഷാറിന്റെ പ്രധാന സഹായിയായ ഡോക്ടറെ  തേടിയാണ്‌ തെലങ്കാന മൊയ്‌നാബാദ്‌ എസ്‌പി മലയാളിയായ രമ രാജേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തിയത്‌. ഡോക്ടറുടെ ലാപ്ടോപ്പും നാല് മൊബൈൽ ഫോണും കണ്ടെടുത്തിരുന്നു. അവയുടെ പരിശോധന ആരംഭിച്ചു.  അതേസമയം, എറണാകുളത്തെ കേന്ദ്രങ്ങളിൽ ചൊവ്വാഴ്‌ചയും പൊലീസ്‌ പരിശോധന നടത്തി.   തുഷാറിനെതിരെ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) വീഡിയോ ദൃശ്യങ്ങളടക്കം കൂടുതൽ തെളിവും  പുറത്തുവിട്ടിരുന്നു. കേന്ദ്രമന്ത്രി അമിത്ഷായുടെ ആളായി തുഷാറാണ് 100 കോടിവീതം വാഗ്ദാനം ചെയ്ത് എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ചതെന്നായിരുന്നു  വെളിപ്പെടുത്തൽ. Read on deshabhimani.com

Related News