ആരോപണങ്ങൾ മാത്രം; തെളിവില്ലെന്ന്‌ ശിവശങ്കർ ; അന്വേഷണ ഏജൻസികൾ സമ്മർദത്തിൽ



സ്വന്തം ലേഖകൻ സ്വർണക്കടത്തുകേസിൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയരക്ടറേറ്റ്‌ (ഇഡി) കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ തനിക്കെതിരെ ഉന്നയിച്ചത്‌ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്ന്‌ മുൻ ഐടി സെക്രട്ടറി എം ശിവശങ്കർ. 100 ദിവസത്തോളമായി വിവിധ അന്വേഷണ ഏജൻസികളുമായി സഹകരിച്ചിട്ടും കള്ളക്കടത്തുമായി എന്നെ ബന്ധിപ്പിക്കാനുള്ള തെളിവൊന്നും കിട്ടിയിട്ടില്ല. എന്നെ കുറ്റവാളിയായി മുദ്രകുത്തിയുള്ള മാധ്യമവിചാരണയിൽ അന്വേഷണ ഏജൻസികൾ കടുത്ത സമ്മർദത്തിലാണ്‌. അവർ എന്നെ അറസ്‌റ്റുചെയ്‌ത്‌ മുഖംരക്ഷിക്കാനാണ്‌ ശ്രമിക്കുന്നതെന്നും  ശിവശങ്കർ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞു. എന്റെ ചാർട്ടേഡ്‌ അക്കൗണ്ടന്റുമായി നടത്തിയ വാട്‌സാപ്‌‌ ചാറ്റ്‌ ഇഡിയുടെ കുറ്റപത്രത്തിന്റെ ഭാഗമാക്കിയത്‌ ദുരുദ്ദേശ്യത്തോടെയാണ്‌. മിടുക്കനായ ചാർട്ടേഡ്‌ അക്കൗണ്ടന്റ്‌ എന്ന നിലയിലാണ്‌ സ്വപ്‌ന ആവശ്യപ്പെട്ടപ്പോൾ പരിചയപ്പെടുത്തിയത്‌. ഷാർജ ഭരണാധികാരിയിൽനിന്ന്‌ അവർക്ക്‌ കിട്ടിയ പണം അക്കൗണ്ട്‌ ചെയ്യാനായിരുന്നു അത്‌. ചാർട്ടേഡ്‌ അക്കൗണ്ടന്റ്‌  വാട്‌സാപ്‌‌ സന്ദേശങ്ങൾ എനിക്കും അയച്ചിരുന്നു. അതിനപ്പുറം ബന്ധമില്ല.  സ്വർണക്കടത്തിന്‌ 8–-12 മാസം മുമ്പാണിത്‌. ആ തീയതികൾ കുറ്റപത്രത്തിൽ ഒഴിവാക്കിയത്‌ തെറ്റിദ്ധരിപ്പിക്കാനാണ്‌. യുഎഇ കോൺസുലേറ്റ്‌ സെക്രട്ടറി എന്ന നിലയിലാണ്‌ സ്വപ്‌നയുമായി ഇടപഴകിയത്‌.  അവരുടെ കുടുംബത്തിലെ  ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു. അവർ സ്വർണക്കടത്ത്‌ കേസിൽ പ്രതിയായശേഷം അകലം പാലിച്ചതായും ശിവശങ്കർ  പറഞ്ഞു. Read on deshabhimani.com

Related News