സ്വർണത്തിനൊപ്പം തോക്കും കടത്തി; പ്രതികൾക്ക്‌ ദാവൂദ്‌ സംഘവുമായി ബന്ധമെന്ന്‌ എൻഐഎ



കൊച്ചി നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലെ പ്രതികൾക്ക്‌ അധോലോക നേതാവ്‌ ദാവൂദ്‌ ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടെന്ന്‌‌ സംശയിക്കുന്നതായി‌ ദേശീയ അന്വേഷണ ഏജൻസി. ഏഴ്‌ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ്‌   എൻഐഎ കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്‌. പ്രതികളായ കെ ടി റമീസും ഷറഫുദീനും ടാൻസാനിയ സന്ദർശിച്ചു. ഇരുവരും തോക്ക്‌ വിൽക്കുന്ന കടകൾ സന്ദർശിച്ചു. രണ്ടാളും വജ്ര വ്യാപാരത്തിന്‌ ലൈസൻസ്‌ സംഘടിപ്പിക്കാനും ശ്രമിച്ചു. റമീസ്‌ അവിടെനിന്ന്‌ സ്വർണം കടത്തി യുഎഇയിലെത്തിച്ചു.  കേരളത്തിലേക്കും കടത്തി. ടാൻസാനിയയിൽ തോക്കുമായി ഷറഫുദീൻ നിൽക്കുന്ന ചിത്രം എൻഐഎ കോടതിയിൽ ഹാജരാക്കി. ടാൻസാനിയയും ദുബായിയും ദാവൂദിന്റെ ഡി കമ്പനിയുടെ പ്രധാന പ്രവർത്തന മേഖലകളാണ്‌. ദാവൂദിനായി ടാൻസാനിയയിലെ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നത്‌ ദക്ഷിണേന്ത്യയിൽനിന്നുള്ള ഫിറോസ്‌ യാസിസ്‌ എന്നയാളാണ്‌. റമീസിന്‌ ഡി കമ്പനിയുമായി ബന്ധമുണ്ടെന്ന്‌ സംശയിക്കുന്നു. 2019ൽ 13 റൈഫിളുമായി റമീസിനെ കസ്‌റ്റംസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. സ്വർണം കൂടാതെ തോക്കും കടത്തിയെന്ന്‌ എൻഐഎ‌ക്കുവേണ്ടി ഹാജരായ അഡ്വ. അർജുൻ അമ്പലപ്പറ്റ പറഞ്ഞു. പ്രതി മുഹമ്മദ്‌ അലി‌ക്ക്‌ ഐഎസ്‌, സിമി തുടങ്ങിയ സംഘടനകളുമായി ബന്ധമുണ്ട്‌. ഐഎസ്‌ പ്രചരിപ്പിക്കുന്ന കാര്യങ്ങൾ അലിയുടെ മൊബൈലിൽ കണ്ടെത്തി. ഇന്ത്യയിലെയും വിദേശത്തെയും നോട്ടുകെട്ടുകളുടെ ചിത്രങ്ങൾ സ്വപ്‌നയുടെ  മൊബൈലിൽനിന്ന്‌ കണ്ടെടുത്തു. വിവാദ മതപണ്ഡിതൻ സാക്കീർ നായ്കിന്റെ ചിത്രവും മൊബൈലിലുണ്ടായിരുന്നു. സ്വർണം കടത്തിന്‌ പണം നിക്ഷേപിച്ചവർ ലാഭം കൈപ്പറ്റിയിട്ടില്ല. ഈ പണം തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരിക്കാമെന്ന്‌ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക്‌ ഫോഴ്‌സി‌ന്റെ (എഫ്‌എടിഎഫ്‌) റിപ്പോർട്ടും കോടതിയിൽ ഹാജരാക്കി. നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്താൻ പണം നിക്ഷേപിച്ചവരും  ലാഭം കൈപ്പറ്റിയിട്ടില്ല. കൂടുതൽ സ്വർണം കടത്താനായി ഈ പണം ഉപയോഗിച്ചിരിക്കാമെന്നും എൻഐഎ വ്യക്തമാക്കി. ഈ കേസിനെ സാധാരണ സ്വർണക്കടത്തായി കാണരുതെന്ന്‌ അസിസ്‌റ്റന്റ്‌ സോളിസിറ്റർ ജനറൽ പി വിജയകുമാർ പറഞ്ഞു. സ്വപ്‌ന സുരേഷ്‌, സരിത്‌ എന്നിവരുൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ വ്യാഴാഴ്‌ച പരിഗണിക്കും. എൻഐഎ കസ്‌റ്റഡിയിലായിരുന്ന പി ടി അബ്‌ദു, മുഹമ്മദ്‌ അലി, കെ ടി ഷറഫുദീൻ, മുഹമ്മദ്‌ ഷഫീഖ്‌, ഹംജദ്‌ അലി എന്നിവരെ വീണ്ടും റിമാൻഡ്‌ ചെയ്‌തു. Read on deshabhimani.com

Related News