റണ്ണിങ്‌ കോൺട്രാക്ട്‌ : നീലബോർഡിൽ അറിയാം പ്രവൃത്തി വിവരങ്ങൾ



തിരുവനന്തപുരം റോഡ് പരിപാലനത്തിൽ സുതാര്യത ഉറപ്പാക്കാൻ പൊതുമരാമത്ത് റോ‍ഡുകളില്‍ റണ്ണിങ്‌ കോൺട്രാക്ട്‌ ബോർഡ് സ്ഥാപിച്ച് പൊതുമരാമത്ത് വകുപ്പ്.   റോഡിന്റെ രണ്ടറ്റങ്ങളില്‍ സ്ഥാപിക്കുന്ന നീല ബോർഡിൽ കരാറുകാരന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെയും പേര്, ഫോൺ നമ്പര്‍, റോഡ് നിർമാണ -പരിപാലന കാലാവധി വിവരങ്ങൾ ഉണ്ടാകും.  സംസ്ഥാന ഉദ്ഘാടനം തിരുവനന്തപുരത്ത് ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. റോഡ് പരിപാലനത്തിൽ വലിയ കുതിച്ചുചാട്ടമാണ് പുതിയ സംവിധാനമെന്ന് അദ്ദേഹം പറഞ്ഞു. 12,322 കിലോമീറ്ററില്‍ റണ്ണിങ്‌ കോൺട്രാക്ട്‌ ബോർഡുകൾ സ്ഥാപിച്ചതായി ചടങ്ങിൽ അധ്യക്ഷനായ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഇത് വകുപ്പിന് കീഴിലുള്ള മൊത്തം റോഡിന്റെ 40 ശതമാനം വരും. 2026ഓടെ അമ്പതുശതമാനം റോഡുകളും ബിഎം ആൻഡ്‌ ബിസി നിലവാരത്തിലേക്ക് ഉയർത്തും. ആലുവ- –-പെരുമ്പാവൂർ റോഡിൽ റീ -സർഫസിങ്‌ പ്രവൃത്തി നടത്താൻ കിഫ്ബിയോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത്കുമാർ, ജോയിന്റ് സെക്രട്ടറി സാംബശിവ റാവു തുടങ്ങിയവർ പങ്കെടുത്തു. പ്രവൃത്തി പരിശോധന 20 മുതൽ റണ്ണിങ്‌ കോൺട്രാക്ടിലുള്ള റോഡ്‌ പ്രവൃത്തി 20 മുതൽ പ്രത്യേകസംഘം പരിശോധിക്കും. പൊതുമരാമത്ത് മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവര്‍ത്തനം. സംഘത്തിൽ പൊതുമരാമത്ത് സെക്രട്ടറി ഉൾപ്പെടെ അഞ്ച്‌ ഐഎഎസ് ഉദ്യോഗസ്ഥർ, എട്ട്‌ ചീഫ് എൻജിനിയർമാർ, സൂപ്രണ്ടിങ്‌ എൻജിനിയർമാർ, എക്സിക്യൂട്ടീവ് എൻജിനിയർമാർ എന്നിവരാണുള്ളത്. ജില്ലകൾ തിരിച്ച് നിലവിലെ സ്ഥിതി പരിശോധിക്കും. പരിശോധനയിൽ വീഴ്ച കണ്ടെത്തിയാലുടന്‍ കർശന നടപടിയുണ്ടാകും.   Read on deshabhimani.com

Related News