ഖുർആനെ അപമാനിച്ച്‌ മനോരമ കാർട്ടൂൺ ; മനോരമയുടേത്‌ ഖുറാന്‌ എതിരായ ഒളിയമ്പാണെന്ന്‌ നാസർ ഫൈസി കൂടത്തായി



കോഴിക്കോട്‌ ഖുർആനെ അപമാനിക്കുന്ന കാർട്ടൂണുമായി മലയാള മനോരമ. തിങ്കളാഴ്‌ച ഒന്നാംപേജിൽ മന്ത്രി ജലീലിനെ ആക്ഷേപിക്കാനായി നൽകിയ കാർട്ടൂണിലാണ്‌ വിശുദ്ധ മതഗ്രന്ഥത്തെ അപഹസിച്ചത്‌. ‘എല്ലാം കെട്ടുകഥയാ’ണെന്ന  കാർട്ടൂണിലെ പരാമർശം ഖുർആനെ  അധിക്ഷേപിക്കുന്നതാണെന്നാണ്‌ മതസംഘടനകളുടെയും വിശ്വാസികളുടെയും പരാതി. മന്ത്രി ജലീൽ ഖുർആൻ ചുമന്നു‌നിൽക്കുന്ന  ചിത്രത്തിന്‌ അടിക്കുറിപ്പായാണ്‌ വിവാദ പരാമർശം. മനോരമയുടേത്‌ ഖുറാന്‌ എതിരായ ഒളിയമ്പാണെന്ന്‌ സുന്നി യുവജനസംഘം (-സമസ്‌ത ഇകെ വിഭാഗം) സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു.  കക്ഷി രാഷ്ട്രീയ വഴക്കുകളിലേക്ക്‌ മതവിശ്വാസത്തെയും വിശുദ്ധ ഗ്രന്ഥത്തേയും വലിച്ചിഴക്കുന്നത്‌ അപക്വവും അപകടകരവുമാണെന്ന്‌ എസ്‌വൈഎസ്‌ സംസ്ഥാന സെക്രട്ടറിയറ്റും പ്രസ്‌താവനയിൽ പറഞ്ഞു.    ഇത്‌ പച്ചവർഗീയത: നാസർഫൈസി കൂടത്തായി ഖുർആനെ അപമാനിക്കുന്ന കാർട്ടൂണിലൂടെ മനോരമ പത്രം പ്രകടിപ്പിച്ചത്‌ പച്ചയായ വർഗീയതയാണെന്ന്‌ സമസ്‌തയുടെ യുവജനവിഭാഗമായ സുന്നി യുവജനസംഘം സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. സമകാലിക രാഷ്ട്രീയ വിഷയങ്ങളെ ആക്ഷേപഹാസ്യമായി അവതരിപ്പിക്കുന്നത് മനോരമയുടെ ആവിഷ്കാര സ്വാതന്ത്ര്യമാണ്. "എല്ലാം കെട്ടുകഥയാണ് ’ എന്നെഴുതിയ കാർട്ടൂണിലൂടെ   മന്ത്രി കെ ടി ജലീലിനെതിരെ കേസ് കെട്ടിച്ചമച്ചതാണ്, മന്ത്രിയുടെ വാദം മെനഞ്ഞുണ്ടാക്കിയതാണ്, മന്ത്രി വഹിക്കുന്നത് നാറുന്ന വർത്തമാനമാണ്  എന്നൊക്കെയാണ് കാർട്ടൂൺ സന്ദേശമെന്ന് ന്യായീകരണം നിരത്തുമായിരിക്കും. എന്നാലും  കൊണ്ടുവന്ന ഗ്രന്ഥത്തിനകത്ത് കെട്ടുകഥയാണ് എന്ന അടിസ്ഥാനരഹിതമായ സിയോണിസ്റ്റ് ആരോപണമാണ് മുനവച്ച് എഴുതിയതെന്ന്  കാഴ്ചയിൽ ബോധ്യമാവും. മന്ത്രിയെ ആക്ഷേപിക്കാൻ പ്രയോഗങ്ങൾ വേറെ പലതുമാകാമായിരുന്നിട്ടും ഖുർആന് നേരെ ഒളിയമ്പെയ്തത് തന്നെയെന്ന് മലയാളി വായിച്ചെടുക്കും. അത് തന്നെയാണ് പത്രം ഉദ്ദേശിച്ചിട്ടുണ്ടാകുക. പ്രതിഷേധം കനത്ത് ഖേദപ്രകടനവും മാപ്പുമൊക്കെയായി വന്നേക്കാം. "ഞങ്ങൾ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല, തെറ്റിദ്ധാരണക്ക് ഇടവരുത്തിയതിൽ ഖേദമുണ്ട്' എന്നൊന്നും അച്ചുനിരത്തുന്നതിൽ അർഥമില്ല. ഉദ്ദേശ്യം അങ്ങനെത്തന്നെ ആവട്ടെ. എന്നാൽ ഖുർആൻ കെട്ടുകഥയാണെന്ന് ഏതെങ്കിലും ഭാഗമുദ്ധരിച്ച് സമർഥിക്കാൻ പത്രാധിപരോ കാർട്ടൂണിസ്റ്റോ തയ്യാറുണ്ടോ?–-  നാസർഫൈസി ഫേസ്‌ബുക്ക്‌ കുറിപ്പിൽ ചോദിച്ചു. Read on deshabhimani.com

Related News